പാലക്കാട് രാഹുൽ മാങ്കുട്ടത്തിലിനെ സഹായിക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി ഡിസിസി. രാഹുലുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു നേതൃത്വം അറിയിച്ചു. അതേസമയം പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ഉടൻ ഒഴിയാൻ ആവശ്യപ്പെട്ട് രാഹുലിന് അസോസിയേഷൻ നോട്ടിസ് നൽകി.
കഴിഞ്ഞ ദിവസം പോളിംഗ് ബൂത്തിൽ എത്തിയപ്പോഴാണ് രാഹുലിനെ ചില കോൺഗ്രസ് പ്രവർത്തകർ പൂച്ചെണ്ടു കൊടുത്ത് സ്വീകരിച്ചത്. യാത്രയിലുടനീളം പ്രാദേശിക നേതാക്കൾ അനുഗമിക്കുകയും ചെയ്തു. വിഷയത്തിൽ ആക്ഷേപം ഉയർന്നതോടെയാണ് പ്രതികരണമായി ഡിസിസി പ്രസിഡണ്ട് എ.തങ്കപ്പൻ രംഗത്തെത്തിയത്.
രാഹുലിനെ പ്രകീർത്തിക്കുന്നതിനെ തള്ളി കെ.സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. രാഹുൽ തുടർന്നങ്ങോട്ടേക്ക് മണ്ഡലത്തിൽ സജീവമാകുന്നത് പാർട്ടിക്ക് തലവേദനയാകും എന്ന് മുന്നിൽകണ്ടു കൊണ്ടാണ് നേതൃത്വത്തിന്‍റെ ഇടപെടൽ. നേരത്തെ രാഹുലിനു കിട്ടിയ സ്വീകാര്യതയിൽ കോൺഗ്രസ് പ്രതിസന്ധിയിലായിരുന്നു. അതിനിടെ രാഹുലിന്‍റെ കുന്നത്തൂർമേടിലെ ഫ്ലാറ്റിൽ നിന്നു ഒഴിയാനാവശ്യപ്പെട്ട് അസോസിയേഷൻ നോട്ടിസ് നൽകി. പ്രത്യേക അന്വേഷണ സംഘം ഫ്ലാറ്റിൽ പരിശോധനക്കെത്തിയതും നിരന്തരം വാർത്തകളിൽ നിറഞ്ഞതോടുകൂടിയാണ് ഒഴിയാൻ അസോസിയേഷൻ ആവശ്യപ്പെട്ടത്. ഈ മാസം 25ന് മുമ്പ് രാഹുൽ മാറിയേക്കും. പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ് കാലത്താണ് രാഹുൽ ഫ്ലാറ്റ് വാങ്ങിയത്.