വീര സവര്‍ക്കര്‍ പുരസ്കാരം വിവരം ഒരു മാസം മുന്‍പ് തന്നെ ശശി തരൂരിനെ അറിയിച്ചിരുന്നുവെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച എച്ച്ആര്‍ഡിഎസ്. ഡല്‍ഹിയിലെ വസതിയിലെത്തിയാണ് ക്ഷണിച്ചത്. തരൂര്‍ ഇങ്ങനെ പറയുന്നതിനെകുറിച്ച് അറിയില്ലെന്നും ആക്രമിക്കാന്‍ ഇല്ലെന്നും എച്ച്ആര്‍ഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. വീര സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അവാർഡ് പ്രഖ്യാപിച്ചതെന്നാണ് തരൂരിന്‍റെ വാദം. തരൂർ സന്തോഷത്തോടെയാണ് അവാർഡിന് സമ്മതം മൂളിയതെന്നും പിൻമാറിയതിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ സമ്മർദമാകുമെന്നും എച്ച്ആര്‍ഡിഎസ് ഇന്ത്യ അവകാശപ്പെടുന്നു. പ്രഥമ വീർ സവർക്കർ ഇന്റർനാഷണൽ ഇംപാക്ട് അവാർഡ് 2025 എന്ന പുരസ്‌കാരമാണ് ശശി തരൂരിന് പ്രഖ്യാപിച്ചത്. അവാർഡ് നൽകുന്നത് ആര്‍എസ്എസ് ആഭിമുഖ്യമുള്ള എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സംഘടനയാണ്.
സവര്‍ക്കറുടെ പേരിലുള്ള അവാര്‍ഡ് കോണ്‍ഗ്രസിന് അപമാനമെന്ന് കെ. മുരളീധരനും ബിജെപി–ആര്‍എസ്എസ് കെണിയില്‍ തരൂര്‍ വീഴരുതെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു. ഒടുവിൽ തരൂർ തന്നെ വ്യക്തത വരുത്തി രംഗത്തെത്തി. അവാർഡിന്റെ സ്വഭാവം, സംഘടന ഇവയിലെല്ലാം വ്യക്തതക്കുറവുണ്ട്. അവാർഡ് സ്വീകരിക്കാൻ സമ്മതിക്കാതെ തന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ നിരുത്തരവാദപരമായ നടപടിയെന്നും തരൂര്‍ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.
അവാർഡ് നൽകുമെന്ന് സംഘാടകർ അറിയിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചടങ്ങിനെത്തില്ല. പരിപാടിയെക്കുറിച്ച് അറിയില്ലെന്ന് പ്രതിരോധ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും അവാർഡ് ഏറ്റുവാങ്ങാൻ എത്തിയില്ല.