വയനാട് തിരുനെല്ലിയിലെ തോൽപ്പെട്ടി ഉന്നതിയിൽ മദ്യം നൽകി വോട്ടർമാരെ സ്വാധീനിച്ചെന്ന് യുഡിഎഫ്. ആരോപണം തള്ളി എൽഡിഎഫ് രംഗത്തുവന്നു. പൂതാടിയിൽ ബിജെപി ഓഫിസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ നടന്ന മദ്യ സത്കാരത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി വാർഡിൽ ഉൾപ്പെടുന്ന നെടുന്തന ഉന്നതിയിൽ എൽഡിഎഫ് മദ്യവിതരണം നടത്തിയെന്ന ആരോപണമാണ് ഇന്നലെ അർധരാത്രി സംഘർഷത്തിൻ്റെ വക്കോളം എത്തിയത്.
പുറത്ത് നിന്ന് മദ്യം എത്തിച്ച സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചെന്ന് യുഡിഎഫ് ക്യാംപ് . ആരോപണം വ്യാജമെന്ന വിശദീകരണവുമായി സിപിഎം രംഗത്തെത്തി.
പൂതാടി പഞ്ചായത്തിലും വോട്ടിന് മദ്യം എന്ന പരാതി ഉയർന്നു. നെയ്ക്കുപ്പ വാർഡിൽ ബിജെപി ഓഫിസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ രാത്രി മദ്യസത്കാരം നടക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതിനിടെ തിരുനെല്ലിയിൽ യുഡിഎഫ് സ്ഥാനാർഥി നിഷയെ കാളിന്ദി ഉന്നതിയിൽ വോട്ട് ചോദിക്കാൻ എത്തിയപ്പോൾ എൽഡിഎഫ് സംഘം തടഞ്ഞു.
എൽഡിഎഫ് മുഴുവൻ സീറ്റും നേടി കാലങ്ങളായി ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ പരാജയ ഭീതിയാണ് ഇതിന് പിന്നിലെന്ന് യുഡിഎഫ് ക്യാംപ് പ്രതികരിച്ചു.