കോഴിക്കോട് കോര്‍പറേഷന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടായ തിളക്കത്തിന്‍റെ വിതരണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കലക്ടറുടെ നടപടി. രാഷ്ടീയ പരാമര്‍ശങ്ങള്‍ ഇല്ലാത്തതിനാല്‍ തിളക്കത്തിന്‍റെ വിതരണം ചട്ട ലംഘനമല്ലെന്നാണ് എല്‍.ഡി.എഫിന്‍റെ വാദം.
തിളക്കം കൊടുത്ത് ഇനി തിളക്കണ്ട എന്നാണ് കോര്‍പറേഷന്‍ സെക്രട്ടറിക്ക് ജില്ല കലക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരഞ്ഞടുപ്പ് കാലത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ചട്ടലംഘനമാണെന്നും മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
നിയമാനുസ്യതമായി കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കിയതെന്നും ഒക്ടോബര്‍ 26ന് പ്രകാശനം ചെയ്തതാണെന്നുമാണ് എല്‍.ഡി.എഫിന്‍റെ വിശദീകരണം.
സിപിഎം പ്രവര്‍ത്തകര്‍ വോട്ട് അഭ്യര്‍ത്ഥനക്കൊപ്പം തിളക്കം വിതരണം ചെയ്യുകയാണന്ന് കാണിച്ച് യുഡിഎഫും ബിജെപിയും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സിപിഎമ്മിന്‍റെ എരഞ്ഞിപ്പാലം പാര്‍ട്ടി ഓഫീസില്‍ തിളക്കം സുക്ഷിച്ചിരിക്കുന്ന ദ്യശ്യങ്ങളും പുറത്തുവന്നിരുന്നു.