കേരളത്തിൽ കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരുഞ്ഞു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണ്. നുണറായിയല്ല നുണറായിസമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. തൃശൂരിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അതേസമയം തൃശൂർ മേയർ എം.കെ.വർഗീസിനെ പുകഴ്ത്തി സംസാരിക്കാനും സുരേഷ് ഗോപി മറന്നില്ല. മേയർ വർഗീസ് നല്ല ആളാണെന്നും അതിൽ തനിക്ക് സംശയമില്ലെന്നും പറഞ്ഞ കേന്ദ്രമന്ത്രി, അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മേയർ നല്ല മനുഷ്യനാണെന്നും എന്നാൽ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കയാണെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.

റെയിൽവേ ഓവർ ബ്രിഡ്ജിനായി 15 കോടി അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞ് വടൂക്കരയിൽ ഫ്ലക്സ് വച്ചതിനെയും സുരേഷ് ഗോപി വിമര്‍ശിച്ചു. റെയിൽവേയ്ക്ക് അങ്ങനെയൊരു ഓവർ ബ്രിഡ്ജിന്റെ പെർമിഷൻ കൊടുത്തതായി അറിവില്ലെന്നും അത് തട്ടിപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ടിഐ ചുരട്ടിയെടുത്ത മഹാന്മാർ എല്ലാം ചെമ്പ് ചുരട്ടിയവരാണ്. ആ ചെമ്പ് ചുരട്ടിയവരെല്ലാം ഇപ്പോൾ ചെമ്പിലോ സ്വർണ്ണത്തിലോ കിടന്ന് തിളച്ച് പൊങ്ങുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു.  

ENGLISH SUMMARY:

Suresh Gopi criticizes the political environment in Kerala, claiming it fosters the growth of the BJP. He also praised Thrissur Mayor M.K. Varghese while expressing concerns about external influences affecting him.