ബലാൽസംഗ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായുള്ള തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. ബെംഗളൂരുവിൽ തിരച്ചിലിൽ ആയിരുന്ന പൊലീസ് സംഘം കേരളത്തിലേക്ക് മടങ്ങി. ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന രണ്ടാംകേസില്‍ അറസ്റ്റ് സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ വീണ്ടും ഒളിവില്‍ തുടരാനാണ് സാധ്യത.
ബെംഗളൂരുവിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരു അഭിഭാഷക ഏര്‍പ്പെടുത്തി നല്‍കിയ വിവിധ ഫാം ഹൗസുകളിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ അതിസമ്പന്നരും രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തികളുടെ ഫാം ഹൗസുകളാണിത്. വലിയ എസ്റ്റേറ്റുകൾക്ക് സമാനമായ ഈ ഫാം ഹൗസുകളിൽ കയറി പരിശോധന നടത്തുന്നത് കേരള പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.
ഇത്തരം കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ രാഹുലിന് സഹായകമായി. അന്വേഷണ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നുപോയോ എന്ന സംശയവും ബലപ്പെട്ടിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണ സംഘത്തെ കബളിപ്പിച്ച് രാഹുൽ തുടർച്ചയായി ഒളിത്താവളങ്ങൾ മാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
നിലവില്‍ ബലാത്സംഗ കേസിൽ ഹൈക്കോടതി അറസ്റ്റ് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പൊലീസിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ, തിരച്ചിലുമായി മുന്നോട്ടുപോകുന്നതിൽ പ്രായോഗികമായ പരിമിതികളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതോടെയാണ് ബെംഗളൂരുവിലെ തിരച്ചിൽ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്.