രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. രണ്ടാമത്തെ പരാതി ലഭിച്ചിട്ട് 24 മണിക്കൂര്‍ പിന്നിടുന്നതെയുള്ളു. അതനുസരിച്ച് തീരുമാനം ഉണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. കൂടുതൽ നടപടികൾ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. നേതാക്കൾ കൂടിയാലോചിച്ച് നടപടിയെടുക്കും. ബോധ്യങ്ങളിൽ നിന്നാണ് തീരുമാനം. പാർട്ടി പ്രതിരോധത്തിലല്ല. പാർട്ടിക്ക് ഒരു പോറൽ പോലും ഏൽക്കില്ലെന്നും സി.പി.എം നേതാക്കൾക്ക് എതിരെ ലഭിച്ച പരാതികളിൽ എന്ത് നടപടിയെടുത്തു എന്നും സതീശന്‍ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു ഷമ മുഹമ്മദിന്‍റെ പ്രതികരണം. ഇനിയും കാത്തു നിൽക്കേണ്ടതില്ല. രാഹുലിന് നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ ഒളിവിൽ നിന്ന് പുറത്തു വരണമെന്നും ഷമ ആവശ്യപ്പെട്ടു.
ലൈംഗികപീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല. രാഹുലിന്‍റെ ഹര്‍ജിയില്‍ വാദം കേട്ട തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് നാളേക്ക് നീട്ടുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് അനുബന്ധമായ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. അതിനുശേഷമാകും വിധി. അതേസമയം രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. വിധി നീളുകയാണെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ പരിശോധിക്കാനുണ്ടെന്നും വിധി എപ്പോഴാണെന്ന് പിന്നീട് തീരുമാനിക്കാമെന്നുമാണ് കോടതി പറഞ്ഞത്.