raju-p-nair

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന പരാതിയിലെ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ച രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ രാഹുലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍‌ രാജു പി. നായരെ എതിര്‍ത്ത് കമന്‍റിടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 

''ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും, ആ അശ്ലീലം ഇനി കേൾക്കേണ്ടി വരില്ല എന്ന് ഒരു ഗുണമുണ്ട്! ഈശ്വരാ...'' എന്നായിരുന്നു രാജു പി. നായരുടെ പോസ്റ്റ്. ഇതിനാണ് കമന്‍റ് ബോക്സില്‍ വിമര്‍ശനം. രാജു പി. നായരില്‍ നിന്നും ഇതുപോലൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും കമന്‍റിടുന്നത്. 

''നിങ്ങള്‍ക്ക് യാഥാർഥ്യങ്ങൾ അശ്ലീലം ആകുന്നുവെങ്കിൽ, കണ്ണട മാറ്റേണ്ട സമയം കഴിഞ്ഞു ... അയാൾ വിളിച്ചുപറഞ്ഞ FACTS ഇല്ലായിരുന്നുവെങ്കിൽ, രാഹുല്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനായേനെ ... വഞ്ചകികൾ ഇരകളും'' എന്നാണ് ഒരു കമന്‍റ്.  ''ഈ പോസ്റ്റ് രാജു പി. നായരുടെ തന്നാണോ? പ്രതീക്ഷിച്ചില്ല ഇത്തരം ഒരു പോസ്റ്റ് നിങ്ങളിൽ നിന്ന്'' എന്നും കമന്‍റുണ്ട്. 

ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് ചില കമന്‍റുകള്‍. ''രാജു പി. നായരെ നിങ്ങൾ ആർക്കിട്ട് എവിടെയാണ് കുത്തുന്നത് എന്ന് നേരെ ഓർത്തു വെച്ചോ......'' എന്നാണ് ഭീഷണി. ''നീയൊക്കെ കൂടി ആരെയാടോ തോല്പിക്കാൻ നോക്കുന്നത്?'' എന്നാണ് മറ്റൊരു കമന്‍റ്. എന്താലേ, ഉളുപ്പ് വേണം വ്യത്യസ്തനാവാൻ നോക്കുകയായിരിക്കും എന്നും കമന്‍റുണ്ട്. 

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പുതിയ പരാതി ഡിജിപിക്ക് കൈമാറിയ കെപിസിസി നടപടിയെ അഭിനന്ദിച്ചും രാജു പി. നായര്‍ പോസ്റ്റിട്ടിട്ടുണ്ട്. ''സ്വന്തമായി കോടതിയും പോലീസും തീവ്രത അളക്കുന്ന യന്ത്രവും ഇല്ലാത്ത കോൺഗ്രസ് കെ.പി.സി.സി.ക്ക് ലഭിച്ച പുതിയ പരാതി മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തെ പോലീസിന് കൈമാറിയിട്ടുണ്ട്. പി. കെ. ശശി, വൈശാഖൻ തുടങ്ങിയവർക്കെതിരെ സ്വന്തം പാർട്ടിയിൽ വനിതകൾ നൽകിയ പരാതികൾ എവിടെ പോയി എന്നതാണ് സി.പി.എം. ഇനി പറയേണ്ടത്'' എന്നാണ് പുതിയ പോസ്റ്റ്. 

ENGLISH SUMMARY:

Congress leader Raju P. Nair faced severe backlash from party workers on Facebook after posting a controversial remark about the arrest of Rahul Easwar, who was remanded for revealing the victim's identity in the Rahul Mamkootathil case. Commenters accused Nair of ignoring facts and even issued subtle threats, while he later defended KPCC's action in forwarding a new complaint against Mamkootathil to the DGP.