തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആവേശം എത്രത്തോളമുണ്ടെന്ന് അറിയണമെങ്കില്‍ കോഴിക്കോട്ടെ മുക്കത്തേക്ക് വരണം. ശാരീരിക പരിമിതികളെ പൊരുതി തോല്‍പ്പിച്ച ഭിന്നശേഷിക്കാരിയായ റീജ വില്‍ചെയറിലാണ് വോട്ടുതേടിയിറങ്ങുന്നത്. മുക്കം നഗരസഭയിലെ 27ാം ഡിവിഷന്‍ കയ്യേരിക്കലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാണ് റീജ തെക്കേപൊയില്‍.
ഈ വഴികള്‍, നാട്ടുകാര്‍ ഇതൊന്നും റീജയ്കക്ക് പുതുമയുള്ളതല്ല. എന്നാല്‍, സ്ഥാനാര്‍ഥിയായുള്ള മാറ്റം പുത്തന്‍ അനുഭവമാണ്. പത്താം വയസില്‍ പോളിയോ ബാധിച്ച് ശരീരം തളര്‍ന്നെങ്കിലും ജീവിതത്തിന് മുന്‍പില്‍ അടിപതറാതെ മുന്നോട്ടുള്ള യാത്രയാണിത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതോടെ ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്. എല്ലാ വീടുകളിലും കയറിയിറങ്ങാനുള്ള ഓട്ടത്തിലാണ്.
വര്‍ഷങ്ങളായുള്ള ചികിത്സയ്‌ക്കൊടുവിലാണ് കൈകളുടെ ചലനശേഷി തിരികെ കിട്ടിയത്. പിന്നീട് അച്ഛന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെ അമ്മയ്ക്കൊപ്പമാണ് ജീവിതം. ഉപജീവനമാര്‍ഗമായി തയ്യല്‍ക്കടയുണ്ട്. നാല്‍പ്പത്തേഴുകാരി റീജ തന്‍റെ തയ്യല്‍കടയില്‍ അഞ്ച് സ്ത്രീകള്‍ക്ക് തൊഴിലും നല്‍കിയിട്ടുണ്ട്. പരാമവധി സ്ഥലങ്ങളില്‍ വീല്‍ചെയറിലാണ് വോട്ടഭ്യര്‍ഥന. അല്ലാത്തയിടങ്ങളില്‍ സു ഹൃത്തുക്കളുടെ സഹായത്തോടെ കാറില്‍ പോയാണ് വോട്ട് ചോദിക്കുന്നത്.