കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കവും പ്രാദേശിക നേതാവിന്‍റെ ആത്മഹത്യയും മുതല്‍ ക്വാറി വിഷയം വരെ ചര്‍ച്ചയാകുന്ന പഞ്ചായത്താണ് വയനാട് മുള്ളന്‍കൊല്ലി. ജംമ്പോ പട്ടികയില്‍ നിന്നും സ്ഥാനാര്‍ഥിമോഹികളെ നീക്കി ഒടുവില്‍ ഒരു വിമതന്‍ മാത്രം അവശേഷിക്കുന്ന പതിനേഴാം വാര്‍ഡില്‍ യുഡിഎഫിന്‍റെ പോരാട്ടം തീപാറും.
ജില്ലയിലെ കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളില്‍ ഒന്ന്. മുള്ളന്‍കൊല്ലി പഞ്ചായത്ത്. മണ്ഡലം കമ്മിറ്റി മരവിപ്പിച്ചതിനെ തുടര്‍ന്ന് കത്തിക്കയറിയ വിഭാഗീയത വന്‍ ഗ്രൂപ്പ് തര്‍ക്കങ്ങളിലും പ്രാദേശിക നേതാവിന്‍റെ ആത്മഹത്യയിലുമാണ് അവസാനിച്ചത്. ഇക്കുറി ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥിമോഹികള്‍ മാടല്‍– പതിനേഴാം വാര്‍ഡില്‍ നിന്നായിരുന്നു. മുന്‍ വാര്‍ഡ് അംഗം തോമസ് പാഴൂക്കാലയെ കോണ്‍ഗ്രസ് നിശ്ചയിച്ചതോടെ വിമതനായി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ജോസ് കണ്ടംതുരുത്തി രംഗത്തുവന്നു. സ്ഥാനാര്‍ഥി പുറത്തുനിന്നുള്ള ആളാണെന്ന പ്രചാരണം വിലപ്പോകില്ലെന്ന് തോമസ്.
ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന പരിവേഷത്തോടെ ഒരുകൈ നോക്കാനുള്ള ഒരുക്കത്തിലാണ് ജോസ് കണ്ടംതുരുത്തി. ബിജെപി കഴിഞ്ഞതവണ രണ്ടാം സ്ഥാനത്ത് വന്ന വാര്‍ഡാണിത്. ആം ആദ്മി പാര്‍ട്ടിയും ഇത്തവണ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് തര്‍ക്കം കാരണം സിറ്റിങ് വാര്‍ഡ് നഷ്ടപ്പെടാതിരിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.