party-candidate

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഊണും ഉറക്കവും ഉപേക്ഷിച്ച് വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്. ഇതിനിടെയാണ് വോട്ട് തേടി പോകുന്നവര്‍ക്കായി പാര്‍ട്ടിയുടെ പ്രത്യേക നിര്‍ദേശം വരുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ചിലയിടങ്ങളില്‍ മര്യാദകേടുകളും പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പാര്‍ട്ടി പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയത്. 

വോട്ട് ചോദിച്ചുപോകുന്നത് മര്യാദയോടെയും മാന്യതയോടെയും വേണമെന്നതാണ് പെരുമാറ്റച്ചട്ടത്തിന്റെ ചുരുക്കം. ‘വീട്ടുമുറ്റത്തെ ചെടികളിലെ പൂ പറിക്കരുത്, വീടിന്റെ കോലായിലേക്ക് എല്ലാവരും കൂടി ഓടിക്കയറണ്ട, മുണ്ട് മടക്കിക്കുത്തി വീടുകളിലേക്ക് പോവരുത്, പരിചയം പറഞ്ഞ് വീടിനകത്തേക്ക് ഓടിക്കയറണ്ട, ആത്മബന്ധമുള്ളയിടങ്ങളില്‍ വീടുകള്‍ക്കുള്ളിലേക്ക് കയറാം, വിളിച്ചിട്ടോ കോളിങ് ബെല്‍ അടിച്ചിട്ടോ ആരേയും കണ്ടില്ലെങ്കില്‍ വീടിന്റെ പിന്നാമ്പുറത്തേക്കുള്ള പോക്കുവേണ്ട, ആ വീട്ടില്‍ പിന്നീട് ആളുള്ളപ്പോള്‍ പോയി വോട്ട് ചോദിച്ചാല്‍ മതി.’

candidate-campaign

രാത്രിയിലെ ഭവനസന്ദര്‍ശനം പരമാവധി ഒഴിവാക്കുക, സന്ധ്യാ സമയത്തെ പ്രാര്‍ഥനാ വേളകളിലും ഉച്ചയുറക്കത്തിന്റെ സമയത്തും, വീടുകളില്‍ പോകരുത്, അതിരാവിലെ കുട്ടികളെ സ്കൂളിലയക്കാനും മുതിര്‍ന്നവര്‍ ജോലിക്കു പോകാനുമുള്ള തിരക്കിനിടെ വോട്ട് ചോദിച്ചാല്‍ ഉള്ളതും കൂടി കിട്ടില്ല. പ്രായം ചെന്നവരേയും കിടപ്പു രോഗികളേയും കാണാന്‍ സ്ക്വാഡിലെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വീട്ടില്‍ കയറേണ്ട, വളര്‍ത്തു നായ്ക്കളുള്ള വീടിന്റെ ഗേറ്റ് തുറക്കും മുന്‍പ് വീട്ടുകാരുടെ സാന്നിധ്യം ഉറപ്പാക്കുന്നത് ആരോഗ്യത്തിനു കൂടി നല്ലതാണ്. 

തൃക്കാക്കര ഓലിക്കുഴി വാര്‍ഡില്‍ സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ഭര്‍ത്താവിനെ നായ കടിച്ച സംഭവം ഉണ്ടായിരുന്നു. ഗേറ്റ് തുറന്ന് വീട്ടുവളപ്പിലേക്ക് കയറിയ ഉടനെ പാഞ്ഞെത്തിയ നായ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കടിക്കുകയായിരുന്നു. സ്ഥാനാര്‍ഥി വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് രക്ഷപ്പെട്ടത്. 

ENGLISH SUMMARY:

Election campaigning requires careful consideration of voter preferences and sensitivities. This includes following ethical guidelines and respecting personal space during door-to-door visits.