കൊല്ലം പുനലൂർ നഗരസഭയിൽ 13 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്താത്തതിൽ വിവാദം. കോൺഗ്രസ് ജയിക്കുന്ന വാർഡുകളിൽ സിപിഎമ്മിനെ സഹായിക്കാനാണ് സ്ഥാനാർഥികളെ നിർത്താത്തത് എന്ന് കോൺഗ്രസ്. എന്നാൽ ജയസാധ്യത നോക്കിയാണ് സ്ഥാനാർഥികളെ നിർത്തിയതെന്നാണ് ബിജെപി വാദം.
കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ വാർടുകളിൽ പോലും ‘താമര’യിൽ മത്സരിക്കാൻ ആളില്ലെന്നത്തിലാണ് വിവാദം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുനലൂർ നഗരസഭയിൽ സി.പി. എം. പ്രവർത്തകരുടെ ആക്രമണത്തിൽ ബി.ജെ.പി. സ്ഥാനാർഥി കൊല്ലപ്പെട്ട കക്കോട് വാർഡിൽ അടക്കം 13 വാർഡുകളിലാണ് ബി.ജെ.പി. ഇക്കുറി സ്ഥാനാർഥികളെ നിർത്താതിരുന്നത്.
കക്കോട് വാർഡിലെ ബി.ജെ.പി. സ്ഥാനാർഥി സുമേഷ് ആണ് രണ്ടുവർഷം മുൻപുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സി.പി.എം. കൗൺസിലർ അടക്കമുള്ള പ്രവർത്തകർക്ക് എതിരെ കേസെടുത്തിരുന്നു. പുതിയ വാർഡ് കൂടി രൂപപ്പെട്ടതോടെ നിലവിൽ 36 വാർഡുകളാണ് പുനലൂർ നഗരസഭയിലുള്ളത്. സമീപ പഞ്ചായത്തുകളിൽ ഒട്ടുമിക്ക സീറ്റുകളിലും ബി.ജെ.പി.
സ്ഥാനാർഥികളെ നിർത്തിയപ്പോഴാണ് കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ചവച്ച പുനലൂരിലെ 13 വാർഡുകളിൽ സ്‌ഥാനാർഥികളെ നിർത്താതിരുന്നത്. കോൺഗ്രസിന്‍റെ 6 സിറ്റിങ് കൗൺസിലർമാർ മത്സരിക്കുന്ന വാർഡുകളിൽ കല്ലാർ, നെടുങ്കയം വാർഡുകൾ ഒഴികെ മറ്റെല്ലായിടത്തും ബി.ജെ.പി.ക്ക് സ്‌ഥാനാർഥികളുണ്ട്. കഴിഞ്ഞ തവണ ആകെയുള്ള 35 സീറ്റുകളിൽ 21 സീറ്റുകളിൽ എൽ.ഡി.എഫും 14 സീറ്റുകളിൽ യു.ഡി.എഫും ആണ് വിജയിച്ചത്.