നിങ്ങളുടെ പാര്‍ട്ടി എന്തിനാണ് വര്‍ഗീയത സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ട് ചോദിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍. മനോരമ ഹോര്‍ത്തൂസ് വേദിയില്‍ തരൂരിന്‍റെ ലോകം എന്ന സെഷനില്‍ ഷാനി പ്രഭാകരനുമായി സംസാരിക്കുകയായിരുന്നു തരൂര്‍. രാജ്യത്തിന്‍റെ സുരക്ഷ കേന്ദ്രത്തിന്‍റെ കയ്യിലാണെന്നും കോൺഗ്രസ് ഫോറിൻ പോളിസിയും ബിജെപി ഫോറിൻ പോളിസി എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ദേശിയ താല്‍പര്യമാണ് പ്രധാനമെന്നും തരൂര്‍ പറഞ്ഞു.
ചോദ്യം: കഴിഞ്ഞ 11 വർഷം പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി എടുത്ത ഏത് തീരുമാനമാണ് ഏറ്റവും നന്നായി താങ്കൾക്ക് തോന്നിയത്?
ഉത്തരം: മൂന്നാല് ഉദാഹരണം തരാം. ചെറിയ കാര്യങ്ങളാണ്. ഒന്ന് ഈ സ്വച്ഛ് ഭാരത്. രണ്ടാമത്തേത് മാലിന്യം. ഭാരതത്തെ വൃത്തിയാക്കണമെന്ന് നമ്മളുടെ തലയിൽ കേറ്റിയത് ഈ പ്രധാനമന്ത്രി തന്നെയാണ്. ഉത്തരേന്ത്യയിൽ സ്ത്രീകൾക്ക് അടുക്കളയില്‍ കുക്ക് ചെയ്യാനുള്ള സംവിധാനമില്ലായിരുന്നു. അവര്‍ക്കാണ് നരേന്ദ്രമോദി ഫ്രീ കുക്കിങ് ഗ്യാസ് കൊടുക്കുന്നത്. അത് പൂർണമായും നടന്നില്ല എന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്, ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷേ ഈ ഐഡിയ ഈ വിഷയം മനസിലാക്കിയതും അതിനൊരു പരിഹാരം കൊണ്ടുവരാൻ ശ്രമിച്ചതിനും ഞാൻ എങ്ങനെ കുറ്റം പറയും?
Also Read: മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനമില്ല: ശശി തരൂര്‍
ചോദ്യം: രാജ്യത്തെ പൗരന്മാർക്കിടയിൽ രണ്ടുതരം പൗരന്മാർ ഉണ്ട് എന്ന് പറയുന്ന പ്രധാനമന്ത്രിയെയും ആ രാഷ്ട്രീയത്തെയും മറ്റെല്ലാം മറന്ന് കൊണ്ട് നമ്മൾ അംഗീകരിക്കാം എന്ന് കരുതാൻ താങ്കൾക്ക് പറ്റുമോ?
ഉത്തരം: അല്ല, അദ്ദേഹം അങ്ങനെ നേരിട്ട് പറഞ്ഞിട്ടില്ല. ആർക്കും അംഗീകരിക്കാൻ സാധിക്കാത്തൊരു പെരുമാറ്റം അവരുടെ പാർട്ടിക്ക് ഉണ്ട്. ഒരിക്കൽ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചു ഇതൊക്കെ ആവശ്യമുണ്ടോ.. എന്തിനാണ് നിങ്ങളുടെ പാർട്ടി ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന്.
നിങ്ങൾ ഒരു കാര്യം പറയൂ.. ഞങ്ങളുടെ ഏത് പദ്ധതിയാണ് വ്യക്തിയുടെ സമുദായം നോക്കിയിട്ടാണോ ഞങ്ങൾ നടപ്പിലാക്കിയത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അതിനു മറുപടി ഇല്ല. കാരണം സിലിണ്ടർ കൊടുക്കുന്നത് മുസ്‍ലിമിന് കൊടുത്തില്ലെന്ന് പറഞ്ഞ് ഇതുവരെ ഞാൻ ഒരു പരാതിയും കണ്ടിട്ടില്ല.
ചോദ്യം: അവർ രാജ്യത്തെ ഒറ്റുകൊടുക്കാൻ നിൽക്കുന്നവരാണ് അവർ പാകിസ്ഥാനെ സഹായിക്കും ഇവർ ഏത് തക്കം കിട്ടിയാൽ നമ്മുടെ നമ്മുടെ രാജ്യത്തെ ചതിക്കും എന്ന് ഒരു പ്രധാനമന്ത്രി പറഞ്ഞാൽ ചോദ്യം ചെയ്യാൻ ശ്രീ ശശി തരൂർ എന്ന വിശ്വ പൗരൻ മുന്നിൽ ഉണ്ടാവേണ്ടതല്ലേ?
ഉത്തരം: അതൊന്നും ഒരു ബുദ്ധിമുട്ടും ഇല്ല. അത് മാത്രമല്ല ഞാൻ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്. ഇലക്ഷനില്‍ കാര്യങ്ങൾ സംഭവിച്ചു എന്ന് നമുക്കറിയാം. ആ സമയത്തും ഞാൻ അതിനെതിരെ എഴുതിയിട്ടുണ്ട്. നിങ്ങൾ എന്റെ ആർട്ടിക്കിൾ ഗൂഗിൾ ചെയ്താൽ മതിയല്ലോ.
ചോദ്യം: പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെ കുറിച്ച് ഏറ്റവും ശക്തമായി വിമർശിച്ച ആളാണ്. പക്ഷേ ഇപ്പോൾ എങ്ങനെയാണ് ശശി തരൂരിന് പുകഴ്ത്താൻ സാധിക്കുന്നത്?
ഉത്തരം: നോക്കൂ ഞാൻ ഈ വിഷയത്തിൽ ഒരിക്കലും അദ്ദേഹത്തിന് ഏതു വിധത്തിലും പിന്തുണ കൊടുത്തിട്ടില്ല. കാരണം പൂർണ്ണ അവകാശത്തോടെ ഈ രാജ്യത്ത് ജീവിക്കാൻ സാധിക്കുന്ന പൗരന്മാരെ ആക്ഷേപിക്കേണ്ട ആവശ്യമില്ല. അതിനെക്കുറിച്ച് എനിക്ക് ഒരു സംശയവുമില്ല. ഇവരുടെ രാഷ്ട്രീയം നമ്മൾക്ക് അംഗീകരിക്കേണ്ട ആവശ്യമില്ല. പക്ഷേ അത് മാത്രമാണെങ്കില്‍ അവർ ഒരുപക്ഷേ ജയിച്ചിട്ടുണ്ടാവില്ല.
വികസന പ്രവർത്തനത്തിന് വേണ്ടി വോട്ട് ചെയ്യണം എന്നാണ് പറയുന്നത്. വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവർക്ക് ഗുണം കിട്ടിയിട്ടുണ്ട്. എല്ലാവരെയും കുറിച്ച് നമുക്ക് കുറ്റം പറയാൻ അറിയാം. അത് ഇവിടുത്തെ സർക്കാർ ആയാലും അവിടുത്തെ സർക്കാർ ആയാലും. പക്ഷേ നമുക്ക് ജനങ്ങളുടെ മുമ്പിൽ ഒരു പോസിറ്റീവ് വിഷൻ ഒരു ഇതാണ് ഞാൻ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പോകുന്നത് ഈ വഴിക്കാണ് നിങ്ങളുടെ ജീവിതത്തിൽ നമ്മൾ മെച്ചപ്പെടുത്താൻ പോകുന്നത് എന്ന് കാണിക്കാൻ അത് നമ്മൾ രാഷ്ട്രീയത്തിൽ ചെയ്യുന്നത് പോരാ എന്നാണ് എന്റെ വിശ്വാസം.