അപ്രതീക്ഷിത വിമത നീക്കമാണ് വയനാട് പനമരം ബ്ലോക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാര്‍ നേരിടുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റായ ബിനു ജേക്കബാണ് വിമതന്‍. വോട്ടുകച്ചവടം നടത്തി കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന നിലപാടുമായി പ്രചാരണം സജീവമാക്കുകയാണ് സംഷാദ്.
അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. ഇക്കുറി ബ്ലോക്കിലേക്ക് മാറാം എന്ന ആഗ്രഹം സംഷാദ് മരയ്ക്കാര്‍ തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ബിനു ജേക്കബ് എന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉറച്ചുനിന്നതോടെ പനമരം ബ്ലോക്കിലെ പൂതാടി ഡിവിഷനില്‍ വിമതപോരാട്ടത്തിന് കളമൊരുങ്ങി. എല്‍ഡിഎഫിനെ സഹായിക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് സംഷാദ്.
ഐ ഗ്രൂപ്പിനെ ഒതുക്കിയതില്‍ പ്രതിഷേധിച്ചാണ് വിമതനായി ബിനുവിന്‍റെ അപ്രതീക്ഷിത കടന്നുവരവ്. കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റാണ്. വ്യക്തിക്കെതിരെ അല്ല പോരാട്ടമെന്ന് ബിനു.
കോണ്‍ഗ്രസിന് ഉറച്ച അടിത്തറയുള്ള സിറ്റിങ്ങ് സീറ്റിലെ വിമതനീക്കം തടയാന്‍ ജില്ലാ നേതൃത്വത്തിന്‍റെ കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിമര്‍ശനം ഒരു വിഭാഗത്തിനുണ്ട്. ജില്ലാ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ സംഷാദും പഞ്ചായത്തിലെ പ്രവര്‍ത്തന പരിചയം ബിനുവും ഉയര്‍ത്തുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.