ബലാൽസംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ വിഷയത്തിൽ കോൺഗ്രസ് പാർട്ടി എടുത്ത നിലപാടിൽ മാറ്റമില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ. രാഹുലുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പം പാർട്ടിയുടെ തീരുമാനങ്ങളെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും, കേസ് നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള മനോരമ ഹോർത്തൂസ് വേദിയിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
മറ്റു രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചതിനേക്കാൾ നന്നായി കോൺഗ്രസ് ഈ വിഷയത്തില്‍ നടപടിയെടുത്തിട്ടുണ്ട്. "കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനത്തിൽനിന്ന് പിന്നോട്ട് പോകുന്നില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ കാര്യത്തിൽ തടസ്സം നിൽക്കാൻ രാഹുലുമായി വ്യക്തിബന്ധമുള്ളവരോ ഇല്ലാത്തവരോ ആയ ഒരു കോൺഗ്രസ് നേതാവും ശ്രമിക്കുന്നില്ല. ഇനി നിയമപരമായി ആ കാര്യങ്ങൾ മുന്നോട്ട് പോകട്ടെ," അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരായ ആക്ഷേപങ്ങളുടെ ഘട്ടത്തിൽ പാർട്ടി എടുത്ത സസ്പെൻഷൻ നടപടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആ നടപടി പാർട്ടി പിൻവലിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ എന്ന നിലയിൽ പാലക്കാട്ടെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് പോകാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
"പ്രചാരണത്തിന് പോകാന്‍ രാഹുലിനോട് ഔദ്യോഗികമായി കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. പ്രാദേശികമായി അവിടത്തെ തിരഞ്ഞെടുപ്പിൽ സഹായിച്ച ആളുകൾ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യപ്പെട്ടതല്ലാതെ അതൊരു പാർട്ടി ഒഫീഷ്യൽ ചാനൽ വഴി നടന്ന കാര്യമല്ല. ഔദ്യോഗികമായി കെ.പി.സി.സി.യോ ഡി.സി.സി.യോ നടത്തുന്ന പരിപാടികളിൽ അദ്ദേഹം ഭാഗഭാക്കായിട്ടില്ല," ഷാഫി പറമ്പില്‍ വ്യക്തമാക്കി.
രാഹുലിന്റെ കാര്യത്തിൽ രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ. സുധാകരൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് കോൺഗ്രസിന് ദോഷം ചെയ്യുമോ എന്ന ചോദ്യത്തിന്, അത് ഓരോരുത്തരുടെയും വ്യക്തിപരമായി അഭിപ്രായം മാത്രമാണെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി.
"ആ അഭിപ്രായങ്ങളൊന്നും തന്നെ പാർട്ടിയുടെ ഒരു നടപടിയുടെ കാര്യത്തിൽ ഒരു വിഘാതമായിട്ടോ തടസ്സമായിട്ടോ നിന്നിട്ടില്ല. ഞാൻ ഉൾപ്പെടെ അടുപ്പമുള്ള ആളുകളുടെ അഭിപ്രായം പോലും പാർട്ടി ചെയ്യേണ്ട കാര്യത്തിൽ നിന്ന് പാർട്ടിയെ പിന്തിരിപ്പിക്കുന്ന ഒന്നും ആയി അത് മാറിയിട്ടില്ല," അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ ആരോപണം കോൺഗ്രസിന്റെ യുവ നേതൃനിരയുടെ മുന്നേറ്റത്തിന് തിരിച്ചടിയായോ എന്ന ചോദ്യത്തിന്, യുവ നേതൃത്വം ഒരാളെ മാത്രം ആശ്രയിച്ചുള്ളതല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. "
വി.ഡി. സതീശനുമായുള്ള സൗഹൃദത്തിൽ മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, വാർത്തകളാണ് വരുന്നത് എന്നും ലോക്കൽ ബോഡി തിരഞ്ഞെടുപ്പും അതിനപ്പുറം അസംബ്ലി തിരഞ്ഞെടുപ്പുമാണ് തങ്ങളുടെയെല്ലാം മുൻപിലുള്ള പ്രധാന അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.