TOPICS COVERED

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ വിവാദത്തില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. രാഹുലിനെതിരെ ആരോപണം വന്നപ്പോള്‍ തന്നെ നടപടിയെടുത്തെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് പാര്‍ട്ടി. ശബരിമല സ്വര്‍ണക്കൊളള മറച്ചു വയ്ക്കാനുളള സര്‍ക്കാര്‍ കെണിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനും പാര്‍ട്ടി ശ്രമിക്കുന്നു. 

ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കേണ്ട തിരഞ്ഞെടുപ്പ് കാലത്ത് എംഎല്‍എയുടെ ലൈംഗിക വിവാദം ചര്‍ച്ചയാകുന്നതിന്‍റെ ആശങ്കയിലാണ് കോണ്‍ഗ്രസ്. പരാതി പോലും വരുംമുമ്പ് രാഹുലിനെതിരെ നടപടിയെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി പ്രതിരോധം. ഒപ്പം പരാതി വന്ന സമയവും സാഹചര്യവും ഉയര്‍ത്തിക്കാട്ടി സ്വര്‍ണ്ണക്കൊളള മറയ്ക്കാനുളള  ആസൂത്രിത നീക്കം എന്ന വാദവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. 

രാഹുലിനെ തളളാതെയും കൊളാതെയും മറുപടി പറഞ്ഞ നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കടുത്ത നടപടി വേണമെന്ന അഭിപ്രായം തനിക്കുണ്ടായിരുന്നതായി രമേശ് ചെന്നിത്തല മലയാള മനോരമ ഹോര്‍ത്തൂസ് സംവാദ വേദിയില്‍  സൂചിപ്പിച്ചു. രാഹുലിനെതിരെ ആദ്യം മുതല്‍ കടുത്ത നിലപാടെടുത്ത വിഡി സതീശന്‍ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം പ്രതികരിച്ചിട്ടില്ല. 

രാഹുലിനെ പൂര്‍ണമായും സംരക്ഷിക്കണമെന്ന നിലപാടുളള ഒരു വിഭാഗവും പാര്‍ട്ടിക്കുളളിലുണ്ട്. എന്നാല്‍ പുറത്തുവന്ന ഫോണ്‍ 

സംഭാഷണങ്ങള്‍ക്കും വാട്സാപ്പ് ചാറ്റുകള്‍ക്കും അപ്പുറം എന്തൊക്കെ വരാനുണ്ടെന്നതും നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായാലും നിലവില്‍ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കാതെ സാഹചര്യം നിരീക്ഷിക്കാനാണ് പാര്‍ട്ടി നീക്കം. 

ENGLISH SUMMARY:

Rahul Mamkootathil controversy puts the Congress party on the defensive as local elections approach. The party attempts to justify its actions by stating that action was taken against Rahul immediately after the allegations arose, while also claiming the government is trying to divert attention from the gold smuggling case.