ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കെ രാഹുലിനെതിരെ ഉയര്‍ന്നുവന്ന പരാതി രാഷ്ട്രീയ ആയുധമാക്കി സിപിഎം എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലതെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ഉടന്‍ ജാമ്യം കിട്ടി രാഹുലിനെ ഹീറോ ആക്കരുതെന്നാണ് അന്വേഷണ സംഘത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശം.
രാഹുലിനെ ഹീറോ ആക്കിയതിലും പിന്നീട് എം.എല്‍.എ പദവിയിലേക്ക് എത്തിച്ചതിലുമെല്ലാം തുടക്കം സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ രാഹുലിനെ പുലര്‍ച്ച അടൂരില്‍ വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്തതായിരുന്നു. സമാനമായി ഈ കേസിലും രാഹുലിന് ഹീറോ പരിവേഷം നല്‍കുന്നതാവരുത് അറസ്റ്റ് എന്നും എല്ലാം വശങ്ങളും പരിശോധിച്ച് പഴുതകളടച്ചാവണം എന്നുമാണ് അന്വേഷണ സംഘത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശം.
ശബരിമല സ്വര്‍ണക്കൊള്ള സര്‍ക്കാരിന് തലവേദനയായി നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് മറികടക്കാനുള്ള വിദ്യയായി രാഹുലിനെതിരായ കേസ് മാറ്റാന്‍ സിപിഎം രാഷ്ട്രീയമായി ശ്രമം തുടങ്ങി. എം.എല്‍.എ സ്ഥാനം രാജിവെയ്കക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലതെന്നും കേസ് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
രാഹുലിന്‍റെ ചെയ്തികള്‍ക്ക് ഷാഫി പറമ്പില്‍ ഉള്‍പ്പടെ പിന്‍തുണ നല്‍കിയെന്ന് ആക്ഷേപവുമായി പാലക്കാട് ജില്ലാ സെക്രട്ടറിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. രാഹുലിനെ പിന്‍തുണച്ച് കെ സുധാകരനും അടൂര്‍ പ്രകാശും നടത്തിയ പ്രതികരണങ്ങളും കോണ്‍ഗ്രസിനെതിരെ സിപിഎം ആയുധമാക്കുന്നുണ്ട്.