തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്മാറില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കെ. സുധാകരനും രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമെല്ലാം തന്‍റെ നേതാക്കളാണ്. ഇപ്പോള്‍ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത് തന്നെ എംഎല്‍എയാക്കാന്‍ അധ്വാനിച്ചവര്‍ക്കുവേണ്ടിയാണ്. കാല്‍ കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം പ്രചാരണത്തിനിറങ്ങുമെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് തേടുന്നതില്‍ പ്രശ്നമില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. എന്നാല്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനോ, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ പാടില്ല. പുകമറയ്ക്കുള്ളില്‍ നിന്ന് ആരോപണം ഉന്നയിക്കാതെ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകണമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ നിരപരാധിയാണെന്നും ജനമനസില്‍ സ്ഥാനമുള്ളവനാണെന്നും കെപിസിസി മുന്‍ പ്രസിഡന്‍റ് കെ.സുധാകരന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെ അപമാനിക്കാനുള്ള സിപിഎം–ബിജെപി ശ്രമമാണ് നടക്കുന്നെതന്നും രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകുകയാണ് വേണ്ടതെന്നുമായിരുന്നു സുധാകരന്‍റെ വാക്കുകള്‍. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും ആരെന്ത് പറഞ്ഞാലും അത് പ്രശ്നമല്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.