ലൈംഗിക ആരോപണം നേരിടുന്നതിനിടെ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. രാഹുല്‍ തീര്‍ത്തും നിരപരാധിയാണെന്നും രാഹുലിനെ അപമാനിക്കാനുള്ള സിപിഎം– ബിജെപി ശ്രമമാണ് നടക്കുന്നതെന്നുമാണ് സുധാകരന്‍റെ പക്ഷം. ചീത്തപറയാനായി രാഹുലിനെ താന്‍ വിളിച്ചിരുന്നെന്നും രാഹുലിന്‍റെ മറുപടി കേട്ടപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് മനസിലായെന്നും സുധാകരന്‍ പറഞ്ഞു.

രാഹുലിനെ കോണ്‍ഗ്രസില്‍ സജീവമാക്കണം. ജനമനസില്‍ സ്ഥാനമുള്ളവനാണ് രാഹുല്‍. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന പ്രാസംഗികത്വ കരുത്തുള്ളവനാണ്. അവനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തി കൊണ്ടുപോകണമെന്നുള്ളതാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. മറ്റുള്ളവര്‍ക്ക് മറ്റ് അഭിപ്രായമുണ്ടാകും. രാഹുലിനൊപ്പം താന്‍ വേദി പങ്കിടുമെന്നും സുധാകരന്‍ വ്യക്തമാക്കി. 

കെ.എസ്.സുധാകരന്‍റെ വാക്കുകള്‍

രാഹുലിനെ അപമാനിക്കാനുള്ള സിപിഎം– ബിജെപി ശ്രമമാണ് നടക്കുന്നത്. ഒരു സത്യാവസ്ഥയും അതിലില്ല. അവന്‍ തീര്‍ത്തും നിരപരാധിയാണ്. ഞാന്‍ അതൊക്കെ അന്വേഷിച്ചു. രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ് അന്വേഷിച്ചത്. പക്ഷേ അവന്‍റെ മറുപടിയെല്ലാം കേട്ടപ്പോള്‍ ഞാനാണ് തെറ്റെന്ന് എനിക്ക് തോന്നി. ഞാന്‍ അവനെ വിളിച്ചു സംസാരിച്ചു, അങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല. അവനെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല, അവന്‍റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും ഞങ്ങള്‍ക്കത് പ്രശ്നമല്ല. 

 

രാഹുലിനെ സജീവമാക്കണം, അവന്‍ സജീവമായി വരണം. കഴിവും പ്രാപ്തിയുമുള്ള ഒരു നേതാവാണ് അവന്‍. ജനമനസില്‍ സ്ഥാനമുള്ളവനാണ്. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന പ്രാസംഗികത്വ കരുത്തുള്ളവനാണ്. അവനെ വേണം എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ ആവശ്യം. അവനെതിരായ ശബ്ദ സന്ദേശം ഞാന്‍ കണ്ടിട്ടോ അറിഞ്ഞിട്ടോയില്ല. പക്ഷേ അവന്‍ പറയുന്നുണ്ടല്ലോ, അവന്‍ തന്നെ അതിനെ വെല്ലുവിളിച്ചിട്ടുണ്ടല്ലോ. അവനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തി കൊണ്ടുപോകണമെന്നുള്ളതാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. മറ്റുള്ളവര്‍ക്ക് മറ്റ് അഭിപ്രായമുണ്ടാകും. രാഹുലിനൊപ്പം ഞാന്‍ വേദിയും പങ്കിടും.