എകെജി സെന്‍ററിന് പുതിയ മുഖവും മേല്‍വിലാസവുമുണ്ടായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. പുതിയ മേല്‍വിലാസത്തിലുള്ള എ.കെ.ജി സെന്‍ററിന്‍റെ ആദ്യ കൗണ്‍സിലര്‍ ആരായിരിക്കും? ഒരുകാര്യം ഉറപ്പ് പറയാം, സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന പാര്‍ട്ടി ഓഫീസിന്‍റെ കൗണ്‍സിലര്‍ ഇത്തവണ വനിതയായിരിക്കും.
നമുക്ക് കണ്ടും കേട്ടും പരിചയമുള്ള പഴയ എ.കെ.ജി സെന്‍റര്‍. ഒട്ടേറെ തിരഞ്ഞെടുപ്പുകള്‍ക്കും തന്ത്രങ്ങള്‍ക്കും ജയപരാജയങ്ങള്‍ക്കുമൊക്കെ സാക്ഷിയായ കേന്ദ്രം. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നിന്ന് 50 മീറ്റര്‍ മാറി പുതിയ ഓഫീസ് നിലവില്‍ വന്നു. രണ്ട് ഓഫീസുകള്‍ തമ്മില്‍ 50 മീറ്റര്‍ വ്യത്യാസമേയുള്ളെങ്കിലും രണ്ട് വാര്‍ഡിലാണ്. പഴയത് കോര്‍പ്പറേഷനിലെ കുന്നുകുഴിയിലും പുതിയത് പാളയത്തും. അതിനാല്‍ പുതിയ മേല്‍വിലാസവും പുതിയ കൗണ്‍സിലറുമാണ്.
പാര്‍ട്ടി ആസ്ഥാനം കാത്തുസൂക്ഷിക്കാനിറക്കിയിരിക്കുന്നത് വക്കീലിനെയാണ്. അഡ്വ. റീന വില്യംസ്. പാര്‍ട്ടിക്കാരിയെന്നതിനപ്പുറം വാര്‍ഡിലെ അറിയപ്പെടുന്ന അഭിഭാഷക കുടുംബമെന്നതാണ് പ്ളസ് പോയിന്‍റ്. പാര്‍ട്ടി ബലവും ബന്ധുബലവും സമാസമം ചേര്‍ത്താണ് യു.ഡി.എഫിന്‍റെ മറുതന്ത്രം. മുന്‍ എം.പി എ.ചാള്‍സിന്‍റെ മരുമകള്‍ എസ്.ഷേര്‍ളി ജനവിധി തേടുന്നു.
മൈതാനത്തെ ഭാഗ്യം തിരഞ്ഞെടുപ്പ് കളത്തിലും തുണയ്ക്കണേയെന്ന പ്രാര്‍ത്ഥനയോടെ ഇറങ്ങിയ പത്മിനി തോമസാണ് സി.പി.എം കേന്ദ്രത്തിലെ ബി.ജെ.പി ആയുധം. നാല് തവണയായി പാളയം ഇടതിനൊപ്പമെന്നത് എല്‍.ഡി.എഫിന് ധൈര്യവും സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന പ്രചാരണം ഭയവുമാകുന്നു. 2015ല്‍ 49 വോട്ടിന് ഷേര്‍ളി തോറ്റതായിരുന്നു യു.ഡി.എഫിന്‍റെ ഏറ്റവും ചെറിയ തോല്‍വി. അതേ ഷേര്‍ളി ഇത്തവണ വിജയം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഒറ്റക്ക് മല്‍സരിക്കുന്നത് തലവേദനയാണ്. 2020ല്‍ മുന്നൂറില്‍ താഴെയായിരുന്നു ബി.ജെ.പി വോട്ട്. പത്മനിയെന്ന മുഖം പാര്‍ട്ടി വോട്ടിനപ്പുറം കിട്ടുമെന്നതാണ് ബി.ജെ.പി സ്വപ്നം. അങ്ങിനെ എ.കെ.ജി സെന്‍ററിന്‍റെ കൗണ്‍സിലറാകാന്‍ മൂന്ന് വനിതകളുടെ പൊരിഞ്ഞ പോരാണ്.