രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖ കേട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. വീണ്ടും ശബ്ദരേഖയും വാട്സാപ് ചാറ്റും പുറത്ത് വന്ന വിഷയം പരിശോധിച്ച ശേഷം മറുപടി പറയാമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം ‌രാഹുലിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സംഭവമെന്നും കോണ്‍ഗ്രസ് മാതൃകാപരമായി പെരുമാറണമെന്നും മന്ത്രി വ്യക്തമാക്കി.  

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് പ്രചരണത്തിനിറങ്ങിയാല്‍ വീട്ടമ്മമാര്‍ കുറ്റിച്ചൂല് കൊണ്ടായിരിക്കും സ്വീകരിക്കുകയെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞു. പീഡനത്തിന് പുതിയ രീതിയും വഴിയും കണ്ടെത്തിയ നേതാവാണ് രാഹുല്‍. കാഞ്ഞിരക്കുരുവില്‍ നിന്നും മധുരം പ്രതീക്ഷിക്കേണ്ടതില്ല. രാഹുലിനെ ഇറക്കിയാല്‍ യുഡിഎഫിന് കൈയിലുള്ള സീറ്റുകള്‍ കൂടി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും. രാഹുലിനെ പാലക്കാട് തടയുമെന്ന് സിപിഎം നേതൃത്വം പറയുന്നത് കായികമായി നേരിടുക എന്ന അര്‍ഥത്തിലല്ലെന്നും ജയരാജന്‍ പറഞ്ഞു. 

ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായി വീണ്ടും ശബ്ദരേഖയും വാട്സാപ് ചാറ്റും പുറത്ത് വന്നത്. ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും രാഹുല്‍ യുവതിയെ പ്രേരിപ്പിക്കുന്നതിന്‍റെ തെളിവുകള്‍ എന്ന നിലയിലാണ് ഇത് പ്രചരിക്കുന്നത്. യുവതി സങ്കടം പറയുമ്പോള്‍ ‘നീയെന്തിനാണ് ഡ്രാമ കളിക്കുന്നത്’ എന്നുപറഞ്ഞ് രാഹുല്‍ ക്ഷുഭിതനാകുന്നതും ഓഡിയോയിലുണ്ട്.  

ENGLISH SUMMARY:

Rahul Mamkootathil audio clip controversy is the central topic. The recent allegations and reactions from political figures like V. Sivan Kutty and M.V. Jayarajan have intensified the debate surrounding the issue.