മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടിയും, കമ്മറ്റി ഒറ്റയ്ക്ക് മത്സരിക്കാൻ പദ്ധതിയിട്ടും കാസർകോട് കോൺഗ്രസിൽ പ്രതിസന്ധി. ഈസ്റ്റ് എളേരിയിൽ ജെയിംസ് പന്തമാക്കൽ പക്ഷത്തെ ഡി.സി.സി അനുകൂലിച്ചതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ മണ്ഡലം കമ്മിറ്റിയുടെ നീക്കം. മഞ്ചേശ്വരത്ത് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ മുസ്ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തകർ അടച്ചുപൂട്ടിയത്.
കോൺഗ്രസ് ഉരുക്ക് കോട്ടയായ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള മത്സരത്തിനാണ് വേദിയൊരുക്കുന്നത്. പാർട്ടിയിൽ തിരിച്ചെത്തിയ ഡിസിസി വൈസ് പ്രസിഡൻറ് ജെയിംസ് പന്തമാക്കൽ പക്ഷത്തിന്റെ ആവശ്യങ്ങൾ ജില്ലാ നേതൃത്വം അംഗീകരിച്ചതോടെ പിളർപ്പിലേക്ക് കാര്യങ്ങൾ എത്തിയത്. പന്തമാക്കൽ പക്ഷത്തിന് നാല് സീറ്റുകൾ നൽകാമെന്ന ധാരണ നിലനിൽക്കെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഴുവൻ സീറ്റിലേക്കും നാമനിർദേശം നൽകിയിരുന്നു. പിന്നാലെ 6 ഇടങ്ങളിൽ പന്തംമാക്കൽ പക്ഷവും പത്രിക നൽകി. ആരാകും ഔദ്യോഗിക സ്ഥാനാർഥി എന്ന ചർച്ചകളാണ് പുരോഗമിക്കുന്നത്. പന്തമാക്കൽ പക്ഷത്തെ അംഗീകരിച്ചാൽ ജോസഫ് മുത്തോലിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഒറ്റയ്ക്ക് മത്സരിക്കാനാണ് പദ്ധതിയിടുന്നത്. പ്രശ്നപരിഹാരത്തിന് തീവ്രശ്രമത്തിലാണ് ജില്ലാ നേതൃത്വം.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകൾ മുസ്ലീംലീഗിന് അടിയറവ് വെച്ചു എന്ന് ആരോപിച്ചാണ് പ്രവർത്തകരുടെ നടപടി. ഓഫീസിനുള്ളിലെ മുഴുവൻ സാമഗ്രികളും നീക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ സീറ്റ് മുസ്ലിം ലീഗിന് വിട്ടു കൊടുത്തത് അംഗീകരിക്കാൻ പ്രവർത്തകർ തയ്യാറല്ല. മണ്ഡലം പ്രസിഡൻറ് ഹമീദ് സീറ്റ് വിഭജന ചർച്ചകൾക്കിടയിൽ രാജിക്കത്ത് നൽകിയിരുന്നു. സമ്മർദ്ദ തന്ത്രം പാളിയതോടെയാണ് ഓഫീസ് അടച്ചുപൂട്ടി സ്ഥലം വിടുന്നത്. എല്ലാ പ്രശ്നങ്ങളിലും നാളെ പരിഹാരമുണ്ടാകുമെന്നാണ് ഡിസിസി പ്രസിഡണ്ട് അറിയിക്കുന്നത്.