കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ.രാഗേഷ് കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണയും മത്സരത്തിന്. പുതിയ പാർട്ടി രൂപീകരിച്ചാണ് 12 ഡിവിഷനുകളിൽ രാഗേഷും കൂടെയുള്ളവരും മത്സരിക്കുന്നത്. ആവശ്യപ്പെട്ടാൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുമെന്ന് രാഗേഷ് പറഞ്ഞു

2015 ൽ കണ്ണൂർ കോർപ്പറേഷനിൽ നിർണായകഘടകം ആയിരുന്നു പി കെ രാഗേഷ്. ഇരു മുന്നണികൾക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി കെ രാഗേഷ് എൽഡിഎഫിനൊപ്പം നിന്നു. ഒരംഗത്തിന്റെ ബലത്തിൽ മൂന്നുവർഷം എൽഡിഎഫ് കോർപ്പറേഷൻ ഭരിച്ചു. നാലാം വർഷം എത്തിയപ്പോൾ പി കെ രാഗേഷ് യുഡിഎഫിന് ഒപ്പം തിരിച്ചെത്തി. രണ്ടുവർഷം യുഡിഎഫ് ഭരിച്ചു. രണ്ടു മുന്നണികൾ ഭരിച്ചപ്പോഴും പി കെ രാഗേഷ് ആയിരുന്നു ഡെപ്യൂട്ടി മേയർ . 2020 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഭരണത്തിൽ എത്തിയ യുഡിഎഫിനെതിരെയായിരുന്നു നിലപാടുകൾ.. ഇതോടെ കോൺഗ്രസ് പൂർണമായും രാഗേഷിനെ അകറ്റി. ഇക്കുറി പി കെ രാഗേഷ് രണ്ടും കൽപ്പിച്ചാണ്. ഒറ്റയ്ക്കല്ല, പുതിയ പാർട്ടി തന്നെ രൂപീകരിച്ചു.. ഐക്യ ജനാധിപത്യ സംരക്ഷണ സമിതി. ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ എന്ന മറ്റൊരു കക്ഷിയുടെ പിന്തുണയുമുണ്ട്. കോർപ്പറേഷനിൽ 

2015 ആവർത്തിക്കും എന്നാണ് പി കെ രാഗേഷിൻ്റെ വാദം.കോൺഗ്രസുമായി വിട്ടകന്നവരെയാണ് പി കെ രാഗേഷ് കൂടെ കൂട്ടിയത്. 12 ഡിവിഷനുകളിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക നൽകി.  2015 ൽ വിജയിച്ച പഞ്ഞിക്കയിൽ ഡിവിഷനിൽ നിന്നാണ് പി കെ രാഗേഷ് ജനവിധി തേടുന്നത്. ഇത്തവണ കോർപ്പറേഷൻ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായകശക്തി തങ്ങൾ ആയിരിക്കുമെന്നാണ് അവകാശവാദം.

ENGLISH SUMMARY:

PK Ragesh, expelled from Congress, is contesting in the Kannur Corporation elections. He has formed a new party and is contesting in 12 divisions, offering support to independent candidates if needed.