തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിലെ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് വിമതര്‍. ഇതില്‍ പ്രമുഖന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സൈബറിടത്തെ കോണ്‍ഗ്രസ് മുഖവുമായ ജഷീര്‍ പള്ളിവയലാണ്. ജില്ലാപഞ്ചായത്തിലേക്ക് തോമാട്ടുച്ചാല്‍ ഡിവിഷനില്‍ നിന്നാണ് ജഷീര്‍ ജനവിധി തേടുന്നത്. വിമതന്‍മാരായ അച്ചടക്കമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ മുഖം തിരിക്കുന്ന അണികള്‍ എന്നാല്‍ ജഷീറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പക്ഷേ രണ്ട് തട്ടിലാണ്. ജഷീര്‍ യോഗ്യനാണെന്ന് ഒരുപക്ഷവും അധികാരമോഹിയാണെന്ന് മറുപക്ഷവും വാദപ്രതിവാദങ്ങള്‍ നിരത്തുകയാണ്.
ഇതിനിടെയാണ് ചില കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ ജഷീറിനെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പെത്തുന്നത്. തുളസി ശങ്കറിന്‍റെ കുറിപ്പാണ് ഇതില്‍ ശ്രദ്ധ നേടുന്നത്. കൂട്ടം ചേർന്ന് നന്ദി കെട്ടവനും അധികാര മോഹിയെന്നും പറഞ്ഞു അവഹേളിക്കുന്നവരുടെ കൂടെ ചേരാൻ താല്പര്യമില്ലെന്നു തുടങ്ങുന്ന കുറിപ്പില്‍ അടി കൊള്ളാനും താഴെ തട്ടിൽ പണിയെടുക്കാനും മാത്രം മതിയോ ചെറുപ്പക്കാരെയെന്നും എന്താണ് ജഷീറിനുള്ള അയോഗ്യതയെന്നും ചോദിക്കുന്നുണ്ട്.
പാർട്ടിക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ ജഷീർ പള്ളിവയൽ മാസ്സ്,ജൂനിയർ സുധാകരൻ അവനു വേണ്ടി അവൻ ശബ്ദം ഉയർത്തിയപ്പോൾ അവൻ കുലം കുത്തി, ചതിയൻ, അധികാര മോഹി. ഇത്തരം പേരുകൾ ജഷീറിന് ചാർത്തി കൊടുക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ ഒരു നെഗറ്റീവ് കമെന്റിലൂടെ ഇല്ലാതാവില്ല അവൻ ഈ പാർട്ടിക്ക് വേണ്ടി ചെയ്ത നന്മകൾ.അയോഗ്യതകൾ പറയാൻ നിന്നാൽ പലനേതാക്കളുടെയും അയോഗ്യത നമ്മൾ ചർച്ച ചെയ്യേണ്ടി വരും. അവസരം എത്ര തവണ കൊടുത്തു എന്നതല്ല ആരാണ് അതിന് യോഗ്യന്‍ എന്നതാണ് വിഷയം എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
കുറിപ്പിന്‍റെ പൂര്‍ണരൂപം: 'കൂട്ടം ചേർന്ന് നന്ദി കെട്ടവനും അധികാര മോഹിയെന്നും പറഞ്ഞു അവഹേളിക്കുന്നവരുടെ കൂടെ ചേരാൻ താല്പര്യമില്ല...ഈ പാർട്ടിക്ക് വേണ്ടി ഇവൻ കൊണ്ട അടിയും, ഇവൻ അനുഭവിച്ച ത്യാഗവും അവന്റെ ഒരു തുറന്നു പറച്ചിലിന്റെ പേരിൽ വേട്ടയാടി ഇല്ലാതാക്കാൻ കഴിയില്ല... ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, ഗാന്ധിയും, നെഹ്‌റുവും പോലുള്ള ചരിത്ര പുരുഷന്മാരും മാത്രമല്ല,ഇവനെ പോലുള്ള ഒരുപാട് ചെറുപ്പക്കാരുടെ ചോരയും കഠിനാധ്വാനവും പാർട്ടിയോടുള്ള അർപ്പണബോധവും കൂടി ചേർന്ന് തന്നെയാണ് ഈ പാർട്ടി എന്നെപോലെയുള്ള പലർക്കും പ്രിയപ്പെട്ടതാകുന്നത്...
ഇന്ന് കൊണ്ട് പൊട്ടിമുളച്ച വിഷയം അല്ല ഇത്... രമ്യമായി പരിഹരിക്കാൻ കഴിവുള്ള നേതാക്കൾ ഇല്ലേ ഈ പാർട്ടിയിൽ? പരസ്യപ്രതികരണം വരെ ഇതിനെ കൊണ്ടെത്തിച്ചത് നേതാക്കൾ തന്നെയെന്ന് ഞാൻ പറയും... അടി കൊള്ളാനും താഴെ തട്ടിൽ പണിയെടുക്കാനും മാത്രം മതിയോ ചെറുപ്പക്കാരെ? എന്താണ് ജഷീറിനുള്ള അയോഗ്യത? പാർട്ടിക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ ജഷീർ പള്ളിവയൽ "മാസ്സ്".. ജൂനിയർ സുധാകരൻ... അവനു വേണ്ടി അവൻ ശബ്ദം ഉയർത്തിയപ്പോൾ അവൻ കുലം കുത്തി, ചതിയൻ, അധികാര മോഹി,.... ഇത്തരം പേരുകൾ ജഷീറിന് ചാർത്തി കൊടുക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ.. ഒരു നെഗറ്റീവ് കമെന്റിലൂടെ ഇല്ലാതാവില്ല അവൻ ഈ പാർട്ടിക്ക് വേണ്ടി ചെയ്ത നന്മകൾ.
ചൂരൽ മലയിൽ ഉരുൾ പൊട്ടിയപ്പോൾ ആ ദിനങ്ങളിൽ എല്ലാം ഈ ചെറുപ്പക്കാരൻ അവിടെ ഉണ്ടായിരുന്നു.. മേൽനോട്ടം വഹിക്കാൻ അല്ല, നേതാവ് ചമയാൻ അല്ല ഉരുളപൊട്ടലിൽ ജീവൻ നഷ്ടപ്പട്ട ഹതഭാഗ്യരെ മണ്ണിനടിയിൽ നിന്നും പുറത്തെടുക്കാൻ, അവരുടെ ശരീരഭാഗങ്ങൾ പെറുക്കി എടുക്കാൻ, ഉറ്റവരെ ആശ്വസിപ്പിക്കാൻ, അവർക്ക് ആവശ്യമായതും അവനാൽ കഴിയാവുന്നതുമായ സഹായങ്ങൾ കൈയ്യും മെയ്യും മറന്ന് ചെയ്യാൻ,...ആശ്വാസം തോന്നിയിട്ടുണ്ട് ഇങ്ങനെയും കുറെ ചെറുപ്പക്കാർ ഈ പ്രസ്ഥാനത്തിന്റെ ആസ്തിയായി ഉണ്ടല്ലോ എന്നോർത്തിട്ട്.. കൂടെപ്പിറപ്പുകളുടെമേൽ പോലീസ് ലാത്തി വീശിയപ്പോഴെല്ലാം അവൻ വന്ന് നിന്ന് തടുക്കുന്നതും, നെഞ്ചും വിരിച്ചു വിരൽ ചൂണ്ടി നിന്ന് ചോദ്യം ചെയ്യുന്നതും കൊണ്ട് ഒരായിരം തവണ മനസ്സുകൊണ്ട് അഭിവാദ്യം നേർന്നുപോയിട്ടുണ്ട്...ഈ പാർട്ടിയിൽ തന്റേടമുള്ള നേതൃത്വം ഇപ്പോഴും ഉണ്ടല്ലോ എന്നോർത്തിട്ട്.. മൂർച്ചയുള്ള അവന്റെ വാക്കുകളിൽ, നിലപാടുള്ള അവന്റെ അഭിപ്രായങ്ങളിൽ, തീപ്പൊരി പ്രസംഗങ്ങളിൽ ആവേശം കൊണ്ട് നിന്നിട്ടുണ്ട്...
പാർട്ടിയിൽ ഒരുത്തന്റെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ അവന് പൊള്ളുന്നത് കാണണമെങ്കിൽ, മറന്നുപോയവർ അവന്റെ ഫേസ്ബുക്ക് പേജിലെ ഈ അടുത്തകാലത്ത് ഷാഫി പറമ്പിലിനു നേരെ നടന്ന പോലീസ് അതിക്രമത്തിന് എതിരെ നടത്തിയ മാർച്ചിന്റെ വീഡിയോ ഒന്ന് പോയി കണ്ടു നോക്കണം.... പറ്റുമെങ്കിൽ ഓർമ്മകൾ പുതുക്കാൻ അവൻ നിങ്ങൾക്ക് വെറുക്കപ്പെടുന്നവൻ ആവുന്നതിനു മുൻപ് വരെ പോസ്റ്റ് ചെയ്ത ഓരോ റീലും, ഓരോ ഫോട്ടോയും, ഓരോ പോസ്റ്റും, നിങ്ങൾ ഒന്ന് പരിശോധിക്കുന്നത് നന്നാകും..
ജഷീർ പള്ളിവയൽ അധികാരമോഹി ആണെങ്കിൽ അവന് പകരക്കാരൻ ആയവനെ നിങ്ങൾ എന്ത് പറയും? അധികാരമോഹി അല്ലെങ്കിൽ എന്തെ ഇത്രയും പരസ്യമായി പാർട്ടി പ്രതിരോധത്തിൽ ആയിട്ടും അയാൾ സ്വമേധയാ മാറി നിൽക്കാത്തത്..? അർഹതപ്പെട്ടവർക്ക് അർഹിക്കുന്നത് നൽകണം... കഴിവുള്ളവർ വരട്ടെ.. അവസരം രണ്ട് കൊടുത്തതോ മൂന്ന് കൊടുത്തതോ എന്നത് അല്ല വിഷയം.. ആർക്ക് കൊടുത്തു... ആരാണ് യോഗ്യൻ എന്ന് തന്നെയാണ്.... പരസ്യപ്രസ്താവന നടത്താൻ അവസരം കൊടുത്തിട്ട് അതിനെതിരെ നടപടി എടുക്കുന്നതിൽ അല്ല.. അങ്ങനെ ഒരു സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കൽ ആയിരുന്നു നേതൃത്വം ചെയ്യേണ്ടത്..
പിന്നെ അയോഗ്യതകൾ പറയാൻ നിന്നാൽ പലനേതാക്കളുടെയും അയോഗ്യത നമ്മൾ ചർച്ച ചെയ്യേണ്ടി വരും.. എന്തായാലും ആ കൂട്ടത്തിൽ Jasheer Pallivayal എന്ന പേര് ഉണ്ടാകില്ലെന്ന് നിങ്ങൾക്കും എനിക്കും അറിയുന്നിടത്തോളം നമുക്ക് നിശബ്ദർ ആകാം..തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറയുംപോലെ വിമർശിക്കാൻ നിൽക്കുമ്പോൾ വിമർശിക്കുന്നവർ ജഷീറിന്റെ പ്രൊഫൈലുമായി സ്വന്തം പൊളിറ്റിക്കൽ പ്രൊഫൈൽ ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും...തികച്ചും വ്യക്തിപരം...