പത്മകുമാറിനെതിരെ തല്‍ക്കാലം നടപടിയില്ലെന്നും സംരക്ഷണമില്ലെന്നും വ്യക്തമാക്കി സിപിഎം. ശബരിമലയില്‍ ഇടതു മുന്നണി ഏൽപ്പിച്ച കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ അത് ആരായാലും കർശന നടപടി ഉണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എം.വി.ഗോവിന്ദന്‍ പറഞ്ഞു. കടകംപള്ളിക്കെതിരെ നീങ്ങിയാല്‍ പോലും എസ്ഐടി അന്വേഷത്തില്‍ പൂര്‍ണമായ വിശ്വസമുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നത്. 

പത്മകുമാറിനെതിരെ നടപടി വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരട്ടേ എന്നാണ് സിപിഎം നിലപാട്. എസ്ഐടി അന്വേഷണത്തില്‍ പൂര്‍ണമായ വിശ്വസമുണ്ടെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പത്മകുമാറിനെതിരായ നടപടിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിന്‍റെ അടിസ്ഥാനത്തിലാകും പാര്‍ട്ടി ആലോചിക്കുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

രാഷ്ട്രീയ ബന്ധമില്ലാത്ത കെ.ജയകുമാറിനെ ദേവസ്വം ബോര്‍ഡിന്‍റെ തലപ്പത്ത് വെച്ചതും ശുദ്ധീകരണത്തിനാണെന്ന് എം.വി.ഗോവിന്ദന്‍ സൂചന നല്‍കി. ശബരിമലയിലെ ഭക്തജനതിരക്കുപോലും സര്‍ക്കാരിന്‍റെ നേട്ടമായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചിത്രീകരിച്ചത്. പാര്‍ട്ടി നേതൃത്വത്തിലുള്ളളവരെ അറസ്റ്റു ചെയ്ത്തോടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലന്ന പ്രതീതി കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 

ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളി  സുരേന്ദ്രന് മാത്രമല്ല മന്ത്രി വി.എൻ.വാസവനും പങ്കുണ്ടെന്ന് കെ.മുരളീധരൻ അരോപിച്ചു. എ.പത്മകുമാറിന്‍റെ അറസ്റ്റോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ രാഷ്ട്രീയ ഇടപെടല്‍ തെളിഞ്ഞുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനും തുറന്നടിച്ചു. 

ENGLISH SUMMARY:

Sabarimala gold scam investigation is ongoing, with CPM stating no protection for anyone involved. The party trusts the SIT investigation and will take action based on the findings, emphasizing the need for punishment for the guilty.