കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടില്‍ ഭിന്ന സ്വരങ്ങള്‍. തോമാട്ടുച്ചാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് വിമതനായി മല്‍സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയല്‍ തീരുമാനിച്ചു. പാര്‍ട്ടി തിരുത്തണമെന്നും പാര്‍ട്ടി ചിന്ഹത്തിലല്ലാതെ മല്‍സരിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജഷീര്‍. രാത്രി 12 മണിവരെ ഡിസിസി ഓഫീസിന് പുറത്ത് പ്രഖ്യാപനത്തിനായി കാത്തുനിന്നു. സീറ്റ് കിട്ടില്ലെന്ന് താന്‍ അറിയുന്നതിന് മുന്‍പേ സിപിഎം ഘടകകക്ഷികള്‍ തന്നെ സീറ്റ് തരാനായി ബന്ധപ്പെട്ടിരുന്നെന്നും ജഷീര്‍ വെളിപ്പെടുത്തി. രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് ജഷീര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് ജഷീര്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.
ജഷീറിന്‍റെ വാക്കുകള്‍
ഞാന്‍ ജനിച്ച നാട്ടില്‍, മരിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടില്‍ എന്‍റെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ചെയ്യാന്‍ കഴിയും എന്ന ആഗ്രഹത്തിന്‍റെ പുറത്താണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. തളരില്ല തോമാട്ടുച്ചാല്‍ എന്ന മുദ്രാവാക്യവുമായാണ് മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയില്‍ ചെറിയ തിരുത്തലുകള്‍ വരണം. ഞങ്ങളെപ്പോലെ പാര്‍ട്ടിക്കാരനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചുകൊണ്ടുവന്ന് കൈപ്പത്തി ചിന്ഹത്തില്‍ മല്‍സരിപ്പിച്ച് ജയിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവണം. പാര്‍ട്ടിയെ കെട്ടിപ്പിടിക്കുന്നവര്‍ പുറത്ത് വെട്ടിപ്പിടിക്കുന്നവര്‍ അകത്ത് എന്ന മുദ്രാവാക്യമാണ് ചില നേതാക്കള്‍ക്ക്. അത് തിരുത്തണം. ഞാന്‍ സീറ്റ് ചോദിച്ചത് ഞാന്‍ ജനിച്ചുവളര്‍ന്നത് എന്‍റെ നാട്ടിലാണ്. ഇന്നലെ രാത്രി 12 മണിവരെ ഡിസിസിക്ക് പുറത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാതോര്‍ത്തു നിന്നു. പ്രഖ്യാപിച്ചില്ല എന്ന് മാത്രമല്ല എന്നെ മാറ്റാനുള്ള കാരണമെന്തെന്ന് ആരും വിശദീകരിച്ചതുമില്ല
19 വര്‍ഷം ഞാന്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച ആളാണ്. പാര്‍ട്ടിയാണ് എന്നെ എല്ലാമാക്കിയത്. സിഐടിയുക്കാരനായ എന്‍റെ ഉപ്പയുടെയും ലീഗ് കുടുംബത്തില്‍ ജനിച്ച എന്‍റെ ഉമ്മയുടെയും വീടിനകത്ത് നിന്ന് കെ.എസ്.യുക്കാരനായ ആളാണ് ഞാന്‍. ഇന്ന് ഞാന്‍ നോമിനേഷന്‍ കൊടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ എന്‍റെ ഉമ്മ പറഞ്ഞത് മോനെ നീ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ്. എന്‍റെ ഉമ്മ ഇത് കാണുന്നുണ്ടെങ്കില്‍ ഞാന്‍ അഭിമാനത്തോടെ പറയും മരിക്കുംവരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഈ ആള്‍ക്കൂട്ടം. കൈപ്പത്തി ചിന്ഹം കാണാതെ സ്വതന്ത്ര ചിന്ഹത്തിലേക്കൊക്കെ പോകുമ്പോള്‍ വലിയ പ്രയാസമുണ്ട്. പക്ഷേ അതിലേക്കൊന്നും പാര്‍ട്ടി പോകില്ല. അവിടെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥി യോഗ്യനാണ് ഞാന്‍ അയോഗ്യനാണ് എന്ന് തിരുത്തപ്പെട്ടാല്‍ മതി. ആ ഒരു പറച്ചില്‍ പോലും ഉണ്ടായിട്ടില്ലെന്ന വലിയ പ്രതിഷേധം ഉണ്ട്.
21 തവണയാണ് മറ്റ് രാഷ്ട്രീയപാര്‍ട്ടിയിലെ ആളുകള്‍ എന്നെ വിളിച്ചത്. ആ ഫോണ്‍ എടുക്കാന്‍ പോലും സമരസപ്പെടാത്ത പാര്‍ട്ടിക്കാരനാണ് ഞാന്‍. ഇന്നലെ പട്ടിക വരുന്നതിന് മുന്‍പേ സിപിഎമ്മിലെ ഘടകക്ഷിയിലെ നേതാക്കള്‍ എന്നെ ബന്ധപ്പെട്ടിരുന്നു. എന്‍റെ പാര്‍ട്ടി എന്നെ പരിഗണിക്കില്ല എന്ന് ഞാന്‍ അറിയുന്നതിന് മുന്‍പ് മറ്റ് പാര്‍ട്ടിക്കാര്‍ അറിഞ്ഞു. ഞാന്‍ എന്‍റെ പാര്‍ട്ടിയെ ഒരിക്കലും കുറ്റം പറയില്ല. പക്ഷേ പാര്‍ട്ടിയിലെ ചില ആളുകള്‍ ആണ് പ്രശ്നം. ജീവിത അവസാനം വരെ കോണ്‍ഗ്രസുകാരനായിരിക്കും.