പാര്‍ട്ടിയിലേക്ക് വിളിച്ചപ്പോള്‍ ആക്ഷേപിച്ച എ.പത്മകുമാറിന് നന്ദിപറഞ്ഞ് ബിജെപി നേതാക്കള്‍. കഴിഞ്ഞ മാര്‍ച്ചിലാണ് ജില്ലാ കമ്മിറ്റിയംഗം കൂടിയായ പത്മകുമാര്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത്. വീണജോര്‍ജിനെ സിപിഎം സംസ്ഥാന സമിതി സ്ഥിരം ക്ഷണിതാവ് ആക്കിയതായിരുന്നു പ്രകോപനം. ചതി, വഞ്ചന അവഹേളനം 52വര്‍ഷത്തെ ബാക്കിപത്രം ലാല്‍സലാം എന്ന് താടിക്ക് കൈകൊടുത്തിരിക്കുന്ന പടവും ചേര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റാക്കി.
അടുത്ത ദിവസവും മാധ്യമങ്ങളിലൂടെ ആഞ്ഞടിച്ചു. താന്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിച്ചു. അടുത്ത ദിവസം രാത്രിയാണ് ബിജെപി ജില്ലാ പ്രസിഡന്‍റടക്കം കാണാന്‍ ചെന്നത്. എസ്ഡിപിഐയില്‍ പോയാലും ബിജെപിയില്‍ പോകില്ലെന്നായിരുന്നു പ്രതികരണം. ആരോ വന്നു വീടിന്‍റെ ഫോട്ടോയെടുത്തു, വിളക്ക് കണ്ട് അത്താഴമുണ്ണാന്‍ വന്നു തുടങ്ങി ആക്ഷേപിക്കുന്ന പ്രതികരണങ്ങളാണ് പത്മകുമാര്‍ നടത്തിയത്. വിവാദമുണ്ടാക്കിയ പത്മകുമാറിനെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തില്ല. വേറെ നടപടിയും വന്നില്ല. പത്മകുമാറിന്‍റെ കസേര ഇന്നുവരെ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. എന്തായാലും ആക്ഷേപം ഏറ്റാലെന്താ ബിജെപിയില്‍ കൂടിയിരുന്നെങ്കില്‍ കൊടിയ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നേനേയെന്നും അത് ഒഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലുമാണ് ബിജെപി നേതാക്കള്‍.