തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്‍റെ പേര് വെട്ടാൻ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത് മേയർ ആര്യ രാജേന്ദ്രൻ ആണെന്ന് കെ.മുരളീധരൻ മനോരമ ന്യൂസിനോട്. കൃത്യമായ വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. പതിമൂന്നാം തീയതി കോർപ്പറേഷനിൽ നേരിട്ട് എത്തിയാണ് ആര്യ ഇടപെട്ടത്. ആര്യയുടെ സമ്മർദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായി പേര് വെട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി തുടരുമെന്നും മുരളീധരൻ പറഞ്ഞു.
ഇന്നലെയാണ് വൈഷ്ണയുടെ പേര് തിരികെ പട്ടികയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയത്. കൂട്ടിച്ചേര്‍ക്കല്‍ പട്ടികയിലെ 1100–ാം സീരിയല്‍ നമ്പറായാണ് വൈഷ്ണയുടെ വോട്ട് ചേര്‍ത്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്ത കോര്‍പറേഷന്‍ ഇആര്‍ഒയുടെ നടപടിയില്‍ ദുരൂഹതയുള്ളതായി കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും ഗുരുതരമായ കൃത്യവിലോപം നടന്നുവെന്നും കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ ഹിയറിങില്‍ പരാതിക്കാരനായ സിപിഎം നേതാവ് ഹാജരായിരുന്നില്ല.