സംവിധായകന്‍ വി.എം.വിനുവിന് വോട്ടുണ്ടോയെന്ന് പരിശോധിക്കാതിരുന്ന നിലവിലെ കൗണ്‍സിലര്‍ കെ.പി.രാജേഷ്കുമാറില്‍ നിന്ന് രാജി എഴുതിവാങ്ങി കോഴിക്കോട് ഡിസിസി. വിനുവിന് വോട്ടുണ്ടെന്ന് നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് രാജേഷ് ചെയ്തതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതായി രാജേഷ് കത്തുനല്‍കി. മേയര്‍ സ്ഥാനാര്‍ഥിയായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ ആള്‍ക്ക് വോട്ടില്ലെന്നതും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് നേരിട്ട രൂക്ഷ വിമര്‍ശനവും സാരമായ ക്ഷീണമാണ് കോണ്‍ഗ്രസിനുണ്ടാക്കിയത്. വി.എം.വിനു പ്രചരണത്തിനായി ഇറങ്ങിയപ്പോള്‍ വോട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതായിരുന്നില്ലേയെന്ന് നാട്ടുകാരും ചോദ്യമുയര്‍ത്തിയിരുന്നു. 

2020ലെ തിരഞ്ഞെടുപ്പില്‍ താന്‍ വോട്ടു ചെയ്തുവെന്നായിരുന്നു വിനുവിന്‍റെ വാദം. താന്‍ സെലിബ്രിറ്റി ആയതിനാല്‍ തനിക്കെതിരെ മനപൂര്‍വമായ പ്രതികാര നടപടികള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ വിനുവിന്‍റെ പരാതി പരിശോധിച്ച് തദ്ദേശ ജോയിന്‍റ് റജിസ്ട്രാര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിട്ടില്ലെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനായുള്ള അവസരം 12–ാം തീയതി വരെ ഉണ്ടായിട്ടും അദ്ദേഹം ചേര്‍ത്തിരുന്നില്ലെന്നും കണ്ടെത്തി. 

ഹൈക്കോടതിയും രൂക്ഷവിമര്‍ശനമാണ് വിനുവിനെതിരെ ഉയര്‍ത്തിയത്. സെലിബ്രിറ്റി പത്രം വായിക്കാറില്ലേയെന്നും സ്വന്തം കഴിവുകേടിന് മറ്റ് പാര്‍ട്ടിക്കാരെ കുറ്റപ്പെടുത്തിയിട്ട് എന്ത് ചെയ്യനാണെന്നും കോടതി ചോദ്യമുയര്‍ത്തി. തിരഞ്ഞെടുപ്പ് കമ്മിഷന് പോലും ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ് വിനുവിന്‍റെ കേസെന്നും കോടതി പറഞ്ഞിരുന്നു. 

ENGLISH SUMMARY:

The Kozhikode District Congress Committee (DCC) accepted the resignation of Councillor K.P. Rajeshkumar, accusing him of misleading the leadership by claiming director V.M. Vinu, the party's mayoral candidate, was on the voters' list. Vinu's ineligibility, confirmed by the Joint Registrar's report, and the subsequent severe criticism from the High Court, caused significant embarrassment to the Congress. The High Court had slammed Vinu for blaming others for his own failure to ensure voter registration. Rajeshkumar resigned from organizational activities after the local body elections.