വയനാട് പുത്തുമല ഹൃദയഭൂമിയില്‍ നിന്ന് പ്രചാരണത്തിന് തുടക്കം കുറിച്ച് മേപ്പാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍. ഉരുളെടുത്ത ദുരന്തത്തില്‍ നാടിനെ വിട്ടുപിരിഞ്ഞവര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ ടി.സിദ്ധിഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികള്‍ ഒത്തുചേര്‍ന്നത്.
സമാനതകള്‍ ഇല്ലാത്ത ദുരന്തത്തെ നേരിട്ട നാട് മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വിങ്ങുന്ന കുറേ ഓര്‍മകള്‍ മാത്രമാണ് ബാക്കി. തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സഹപ്രവര്‍ത്തകര്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയിലെ ഹൃദയഭൂമിയിലേക്ക് അവര്‍ എത്തി. മേപ്പാടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒപ്പം ബ്ലോക്ക്, ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥികളും ഒത്തുചേര്‍ന്നു. പുഷ്പാര്‍ച്ചനയിലും പ്രാര്‍ഥനയിലും പ്രവര്‍ത്തകരും പങ്കെടുത്തു. സര്‍ക്കാരിന്‍റെ അവഗണന നേരിട്ടെങ്കിലും മേപ്പാടിയിലെ യുഡിഎഫ് ഭരണസമിതി ദുരന്ത ബാധിതര്‍ക്ക് പരമാവധി സഹായം എത്തിച്ചെന്ന് ടി.സിദ്ധിഖ് എംഎല്‍എ.
മേപ്പാടി പഞ്ചായത്തിലെ ആകെയുള്ള 23ല്‍ 14 സീറ്റില്‍ കോണ്‍ഗ്രസും ഒന്‍പത് എണ്ണത്തില്‍ മുസ്‍ലിം ലീഗുമാണ് മത്സരിക്കുന്നത്. ഉരുള്‍ ഇല്ലാതാക്കിയ മുണ്ടക്കൈ എന്ന വാര്‍ഡ് മാറി ചൂരല്‍മല–മുണ്ടക്കൈ എന്ന ഒറ്റ വാര്‍ഡിലേക്ക് പ്രദേശം ചുരുങ്ങി. അതിജീവനം തുടരുന്ന മേപ്പാടിയില്‍ യുഡിഎഫ് തുടരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചാരണം.