തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ തിരികെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജെ. ഷാജഹാൻ ഉത്തരവിറക്കി. ഇതോടെ, കള്ളവോട്ട് ആരോപണത്തെ തുടർന്ന് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായിരുന്ന 24 വയസ്സുള്ള വൈഷ്ണയ്ക്ക് മത്സരിക്കാൻ തടസ്സമില്ലാതായി. കൂട്ടിച്ചേർക്കൽ പട്ടികയിലെ 1100-ാം സീരിയൽ നമ്പറായാണ് വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചത്.
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത കോർപ്പറേഷൻ ഇ.ആർ.ഒയുടെ നടപടിയിൽ ദുരൂഹതയും ഗുരുതരമായ കൃത്യവിലോപവും നടന്നതായി കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഹിയറിങ് നടത്തിയ ശേഷമാണ് കമ്മീഷന്റെ സുപ്രധാന തീരുമാനം.
ഹിയറിങ്ങിനായി വിളിച്ചിട്ടും പരാതിക്കാരനായ സി.പി.എം. നേതാവ് ധനേഷ് കുമാർ ഹാജരായില്ല. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രേഖകൾ ഹാജരാക്കിയത് സമയം കഴിഞ്ഞാണ്. ഇത് പരിഗണിക്കാൻ നിയമമില്ലെന്നിരിക്കെ കോർപ്പറേഷൻ ഇ.ആർ.ഒ (ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർ) ആ രേഖകൾ പരിഗണിച്ചു. വോട്ട് വെട്ടിയ നടപടി നിയമപ്രകാരമല്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. "വൈഷ്ണ നൽകിയ രേഖകൾ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല" എന്നും, "വൈഷ്ണയെ കേൾക്കാതെ നടപടിയെടുത്തത് നീതീകരിക്കാനാവില്ല" എന്നും ഉത്തരവിൽ കമ്മീഷൻ രേഖപ്പെടുത്തി.
രാഷ്ട്രീയപ്രേരിതമായി ഉദ്യോഗസ്ഥ സംവിധാനം ദുരുപയോഗം ചെയ്തുവെന്ന ഗുരുതരമായ സൂചനയാണ് ഈ ഉത്തരവിലൂടെ പുറത്തുവരുന്നത്. വൈഷ്ണയുടെ പരാതിയിൽ നീതിയുക്തമായിട്ടല്ല ഉദ്യോഗസ്ഥർ നടപടി എടുത്തതെന്നും കമ്മീഷൻ വിലയിരുത്തി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ തീരുമാനം നാളെ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും. കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന വൈഷ്ണയ്ക്ക് അനുകൂലമായ തീരുമാനം യു.ഡി.എഫിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. പാർട്ടിയും വൈഷ്ണയും നിയമപോരാട്ടത്തിൽ ഉറച്ചുനിന്നതിന്റെ വിജയമാണിതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. വോട്ടർ പട്ടികയിൽ പേര് വന്നതോടെ വൈഷ്ണയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകും.