ഭാര്യ സ്ഥാനാര്‍ഥിയായതിന് ഭര്‍ത്താവിനും സിപിഎമ്മിന്‍റെ പണിഷ്മെന്‍റ്. കോട്ടയം കുറവിലങ്ങാട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയ ആശാ പ്രവര്‍ത്തകയായ സിന്ധുവിനെയും ബ്രാഞ്ച് സെക്രട്ടറിയായ ഭര്‍ത്താവിനെയും സിപിഎം പുറത്താക്കി. വീടിന് മുന്നില്‍ നോട്ടീസ് പതിച്ചാണ് പുറത്താക്കല്‍ അറിയിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനാല്‍ ഇനി കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു തേടുമെന്ന് സ്ഥാനാര്‍ഥിയായ സിന്ധു രവീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
ആശാ പ്രവർത്തകരുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് പാർട്ടി നേതൃത്വവുമായി അകന്ന സിന്ധു, തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് അച്ചടക്ക നടപടി നേരിട്ടത്. പ്രചാരണ രംഗത്ത് സജീവമല്ലാതിരുന്ന ഭർത്താവിനെയും പുറത്താക്കിയെന്ന് സിന്ധു പറയുന്നു. ഭർത്താവ് പ്രചാരണത്തിനൊന്നും വരില്ലെന്നും. ഞാൻ സിപിഎമ്മിൽ തന്നെയാണ് നിൽക്കുന്നത് എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും സിന്ധു വ്യക്തമാക്കി.
പെട്ടെന്ന് മീറ്റിങ്ങ് കൂടി പിറ്റേ ദിവസം ഇവിടെ നോട്ടീസ് ഒട്ടിക്കുമ്പോഴാണ് പുറത്താക്കിയ വിവരം അറിയുന്നതെന്നും സിന്ധു രവീന്ദ്രൻ വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്ന ആരോപണവും സിന്ധു നിഷേധിച്ചു. വാടകവീട്ടിലാണ് താൻ താമസിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.