കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംവിധായകന്‍ വി.എം.വിനുവിന് 2020ലും വോട്ടില്ല. ഇതോടെ പേര് ഒഴിവാക്കിയതില്‍ ഗൂഢാലോചന എന്ന കോണ്‍ഗ്രസ് വാദം പൊളിഞ്ഞു. വിനുവിന് പകരക്കാരനെ കണ്ടെത്തേണ്ടിവരും. 2020ല്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് വി.എം.വിനു പറ‍ഞ്ഞു.  സിവില്‍ സ്റ്റേഷന്‍ ബൂത്തിലാണ് വോട്ട് ചെയ്തത്. വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നെന്ന്  ഡിസിസി പ്രസിഡന്‍റ്  കെ.പ്രവീണ്‍കുമാര്‍ ആരോപിച്ചു.

വി.എം.വിനുവിന്‍റെ പേര് വോട്ടര്‍പട്ടികയിലില്ലാത്തതിന്  സി.പി.എമ്മിനെ പഴിച്ചിട്ട് കാര്യമില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. അദ്ദേഹം വോട്ടുണ്ടോ എന്ന്  പരിശോധിച്ച് ഉറപ്പുവരുത്തണമായിരുന്നു. വോട്ട് ചേര്‍ക്കാതെ സിപിഎമ്മിനെ പഴിക്കേണ്ട.  2020ല്‍ വിനു വോട്ട് ചെയ്തിട്ടില്ല. നിയമപരമായി അല്ലാതെ വോട്ട് അനുവദിച്ചാല്‍ എതിര്‍ക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. വി.എം.വിനുവിന്റെ പേര് ഒഴിവാക്കിയതില്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്തെത്തി. വിനുവിന്‍റെ പരാതി ലഭിച്ചു. നിയമപരമായി ചെയ്യാവുന്നത് പരിശോധിക്കുന്നുവെന്ന് കലക്ടര്‍ സ്നേഹില്‍കുമാര്‍  പറഞ്ഞു.

യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായ കല്ലായി ഡിവിഷനില്‍ വി.എം. വിനുവിനെ മല്‍സരിപ്പിക്കാന്‍ ആയിരുന്നു തീരുമാനം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണവും തുടങ്ങിയിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടിക നോക്കിയപ്പോള്‍ അതില്‍ സ്ഥാനാര്‍ഥിയുടെ പേരില്ല. മല്‍സരിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടര്‍ പട്ടികയില്‍ സ്ഥാനാര്‍ഥിയുടെ പേര് വേണമെന്ന് വ്യവസ്ഥയുള്ളതിനാല്‍ നിലവിലെ സാഹചര്യത്തില്‍ വി.എം. വിനുവിന് മല്‍സരിക്കാനാകില്ല. എന്നാല്‍ ഇതിനെ നിയമപരമായി നേരിടാനാണ് ഡിസിസിയുടെ തീരുമാനം. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് വന്ന വീഴ്ച്ചയാണെന്നും നടപടിയെടുക്കണമെന്നും ജില്ലാ കല്കടറോടും ഡിസിസി ആവശ്യപ്പെടും. 

ENGLISH SUMMARY:

Congress candidate and filmmaker V.M. Vinu has been found missing from the Kozhikode voters’ list, even for 2020. While Vinu claims he voted that year, the CPM rejects the conspiracy allegations and says he should have verified his voter status. The District Collector has received Vinu’s complaint and is examining legal options. The DCC plans to pursue the matter legally, calling it an Election Commission lapse and seeking corrective action. The candidate selection in the Kallayi division now faces uncertainty.