കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് അവതരിപ്പിച്ച വി.എം. വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. കലക്ടറുടെ തീരുമാനം വൈകുന്നതിനാല്‍ കോഴിക്കോട് ഡി.സി.സിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇ.ആര്‍.ഒ അന്തിമറിപ്പോര്‍ട്ടിനുശേഷം തീരുമാനമെന്നാണ് കലക്ടറുടെ നിലപാട്. വി.എം വിനുവിന് 2020ലും വോട്ടില്ലായിരുന്നുവെന്ന് ഇആര്‍ഒയുടെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യം സ്ഥാനാര്‍ഥിയും ഡിസിസി നേതൃത്വവും നിഷേധിച്ചു. വി.എം. വിനു വോട്ട് ചെയ്തിട്ടില്ലെന്നാണ് സിപിഎമ്മിന്‍റെയും വാദം. ഇക്കാര്യം ശരിയെങ്കില്‍ യുഡിഎഫിന് വേറെ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടി വരും.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലെ നാലരലക്ഷത്തോളം വോട്ടുകളുടെ പ്രാഥമിക പരിശോധനയില്‍ വി.എം. വിനുവും കുടുംബവും ഇല്ല. അതിന് ശേഷമുള്ള ഒഴിവാക്കല്‍ പട്ടികയിലും വിഎം വിനുവിന്‍റെ പേരില്ലെന്ന് ഇആര്‍ഒ അറിയിച്ചു. വിശദമായ പരിശോധന തുടരുകയാണ്. വോട്ടില്ലെന്ന് തെളിഞ്ഞാല്‍ വി.എം. വിനുവിന് മല്‍സരിക്കാനാകില്ല. എന്നാല്‍ വോട്ടുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് സ്ഥാനാര്‍ഥിയും ഡിസിസിയും.
കഴിഞ്ഞ തവണ വോട്ട് ചെയ്യാതിരുന്ന വി.എം.വിനു കള്ളവോട്ട് ചെയ്തോ എന്നാണ് സിപിഎമ്മിന്‍റെ ചോദ്യം. വിവാദങ്ങള്‍ക്കിടയിലും രാവിലെ തന്നെ വി.എം. വിനുവും പ്രവര്‍ത്തകരും കല്ലായിയില്‍ പ്രചാരണം തുടങ്ങിയിരുന്നു. വി.എം.വിനുവിന് പുറമേ മെഡിക്കല്‍ കോളജ് സൗത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു കമ്മനക്കണ്ടിയുടെ പേരും വോട്ടര്‍പട്ടികിയില്‍ ഇല്ല.