കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി. ജയപ്രദീപ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19ൽ സീറ്റ് നൽകിയില്ലെന്നാരോപിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കൃത്യ സമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട് ജീവൻ നഷ്ടമായില്ല. കോൺഗ്രസ് പ്രാദേശിക ഭാരവാഹിയാണ്.
വാർഡിൽ സ്ഥാനാർഥിയായി ഇദ്ദേഹത്തെ ബൂത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് ഫ്ലക്സടക്കം അടിച്ചിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് മറ്റൊരാളെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. നേരത്തെ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾക്കെതിരെ കുറിപ്പെഴുതി വെച്ചാണ് ആനന്ദ് തിരുമലയെന്ന ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തത്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)