സമഗ്ര വോട്ടര്‍ പട്ടികാ പരിഷ്ക്കരണത്തിനെതിരെ നിലപാടു കടുപ്പിച്ച് സിപിഎം. എസ്.ഐ.ആറിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ സിപിഎം കക്ഷിചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന അട്ടിമറിക്കാനാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ എസ്.ഐ.ആറുമായി മുന്നോട്ട് പോകുന്നതെന്ന് എം.വി.ജയരാജനും ആരോപിച്ചു.
എസ്.ഐ.ആറിനെതിരെ സംസ്ഥാനത്തിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞതിന് തുടര്‍ച്ചയായാണ്, സര്‍ക്കാര്‍ അപ്പീല്‍പോയാല്‍ സിപിഎം കക്ഷിചേരുമെന്ന തീരുമാനം എം.വി.ഗോവിന്ദന്‍ അറിയിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച എം.വി.ജയരാജന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി.
തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9 ന് എസ്ഐആര്‍ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് ബി.ജെ. പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിഷൻ നൽകിയ തീയതി അനുസരിച്ചാണ് എസ്ഐആര്‍ മുന്നോട്ട് പോകുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ ഖേൽക്കർ പറഞ്ഞു.
വരും ദിവസങ്ങളില്‍ കോടതിയെ സമീപിക്കുന്നതിനൊപ്പം എസ്.ഐ.ആര്‍ നടപടികളെ കൂടുതല്‍ വിമര്‍ശിക്കാനാവും ഭരണ–പ്രതിപക്ഷങ്ങള്‍ ശ്രമിക്കുക.