സിപിഐയിൽ നിന്ന് നേതാക്കളെ അടർത്തിയെടുക്കുന്നത് തുടർന്ന് സിപിഎം. സിപിഐയുടെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയുടെ നേതാവും സിപിഐ പോത്താനിക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായ ബിജു ജോർജ് കുമ്മംകോട്ടിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നു. സിപിഎം പാർട്ടി ചിഹ്നത്തിലാണ് ഒമ്പതാം വാർഡിൽ മത്സരിക്കുന്നത്.
ആറുമാസം മുമ്പ് സിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ സിപിഐ ലോക്കൽ കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാൻ സഭ പോത്താനിക്കാട് ലോക്കൽ കമ്മിറ്റി പ്രസിഡന്റുമായ മാത്യു ടി.തോമസിന്റെ ഭാര്യ ലാലി മാത്യുവും രണ്ടാം വാർഡിൽ നിന്ന് മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം എഐവൈഎഫ് നിയോജകമണ്ഡലം പ്രസിഡൻ്റ് എൽദോസ്, പോത്താനിക്കാട് സിപിഐ നിയോജകമണ്ഡലം കമ്മിറ്റി അംഗം ഐസക് തുടങ്ങി നൂറോളം പ്രവർത്തകർ സിപിഐയിൽ നിന്ന് സിപിഎമ്മിൽ ചേർന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ തുടക്കത്തിലുള്ള സിപിഎമ്മിന്റെ ഈ അടർത്തിയെടുക്കൽ പഞ്ചായത്തിലും, മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലും ഇടതു ബന്ധത്തിൽ കടുത്ത പ്രതിസന്ധികൾ വരുത്തും.