തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് തട്ടകം മാറ്റിയേക്കും. പാര്‍ട്ടി അനുമതി നല്‍കിയാല്‍ തലസ്ഥാനത്തെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് കോഴിക്കോടേക്ക് കൂടുമാറാനാണ് ആര്യയുടെ ആലോചന. ജീവിത പങ്കാളിയായ ബാലുശേരി എം.എല്‍ എ സച്ചില്‍ ദേവ് രാഷ്രീയ തട്ടകം അവിടെ തന്നെ തുടരാനാണ് ആലോചന.
എന്നാല്‍ മേയറുടെ ജോലികള്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതിനാല്‍ ആര്യ കുഞ്ഞുമായി തിരുവനന്തപരുത്തായിരുന്നു താമസം. മേയര്‍ സ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന തലത്തിലേക്ക് ആര്യയുടെ രാഷ്ട്രീയം ഉപയോഗിക്കാനാണ് സിപിഎമ്മും ആലോചിക്കുന്നത്. ഇതിനാലാണ് രാഷ്ട്രീയവും താമസവും കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ ചിന്തിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെയാണ് ആര്യ 21–ാം വയസ്സിൽ തിരുവനന്തപുരം കോർപറേഷന്റെ മേയറായത്. 2022 സെപ്റ്റംബറിൽ മേയറായിരിക്കെയായിരുന്നു എസ്എഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവുമായുള്ള വിവാഹം. എംഎൽഎ എന്ന നിലയിൽ സച്ചിൻദേവിനു ബാലുശ്ശേരിയും, മേയർ എന്ന നിലയിൽ ആര്യയ്ക്കു തിരുവനന്തപുരവും വിട്ടുനിൽക്കാനാകാത്ത സ്ഥിതിയായിരുന്നു ഇതുവരെ. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും സംഘടനാപരിപാടികളിൽ സജീവമാണ്.
മികച്ച മേയറാണെന്നു സിപിഎം അവകാശപ്പെടുന്ന സ്ഥിതിക്ക് ആര്യയെ എന്തുകൊണ്ടു തിരുവനന്തപുരത്തു വീണ്ടും മത്സരിപ്പിക്കുന്നില്ലെന്നു കഴിഞ്ഞദിവസം ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചോദിച്ചിരുന്നു. ‘മലയാള മനോരമ’ തിരുവനന്തപുരം ഓഫിസിൽ സംഘടിപ്പിച്ച, മുഖ്യ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷരുടെ സംവാദത്തിലായിരുന്നു ചോദ്യം. മേയറായിരുന്നയാളെ ഡപ്യൂട്ടി മേയറാക്കാൻ വേണ്ടി മത്സരിപ്പിക്കില്ലെന്നും നിയമസഭയിലേക്കോ, പാർലമെന്റിലേക്കോ ആണു പരിഗണിക്കുകയെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. ലോകം ശ്രദ്ധിച്ച മേയറാണ് ആര്യയെന്നും അദ്ദേഹം പ്രകീർത്തിച്ചിരുന്നു.