ബിനോയ് വിശ്വം, വി.ശിവന്‍കുട്ടി
പി.എം. ശ്രീ വിഷയത്തില്‍ സിപിഐ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി വി.ശിവന്‍കുട്ടി. പദ്ധതി മരവിപ്പിച്ച് കത്ത് കൊടുത്തതിനാല്‍ എസ്.എസ്.കെ ഫണ്ടിനത്തില്‍ ബാക്കി കിട്ടേണ്ട 1,157 കോടി കിട്ടുമോയെന്ന് ആശങ്കയുണ്ട്. കിട്ടിയില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്തമില്ല, ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണം. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് വരുത്താനാണ് ചിലരുടെ ശ്രമമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
പി.എം ശ്രീ വിഷയത്തില്‍ സിപിഐക്കെതിരായ മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം എന്ത് പ്രകോപനംകൊണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരികെ പ്രകോപിതനാകാനില്ല. അതിനുള്ള രാഷ്ട്രീയബോധം സി.പി.ഐയ്ക്കുണ്ട്. ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ഞാന്‍ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി.എം.ശ്രീയും എസ്.എസ്.കെയും രണ്ട് പദ്ധതികളാണ്. അത് കൂട്ടിക്കുഴയ്ക്കുന്നത് ബി.ജെ.പിയാണ്. എസ്.എസ്.കെ ഫണ്ട് നിഷേധിച്ചാല്‍ നേടിയെടുക്കാന്‍ നിയമപരമായും രാഷ്ട്രീയമായും പോരാടും. സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നയം ഇതുതന്നെയാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
അതേസമയം, പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും തുടര്‍നടപടിയുണ്ടായില്ല. ഉപസമിതിയെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ ശ്രദ്ധയെന്നും അംഗമായ മന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട്. സിപിഐ സമ്മര്‍ദത്തിന് വഴങ്ങി പദ്ധതി മരവിപ്പിച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചതൊഴിച്ചാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ മെല്ലെപ്പോക്കെന്ന് വ്യക്തം.