tvm-corporation

തിരുവനന്തപുരത്തെ ബി.ജെ.പിയുടെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയ്ക്കെതിരെ ഇരുപത്തിയാറുകാരിയെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. വീട്ടമ്മയെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസിന്‍റെ മറുപടി. ശ്രീലേഖ ആ വാര്‍ഡുകാരിയല്ലെന്നതാണ് ഇരുമുന്നണികളും ഉയര്‍ത്തുന്ന ആരോപണം. 

കാക്കിയില്‍ നിന്ന് കൗണ്‍സിലറാകാനുള്ള മല്‍സരത്തിലേക്ക്. തലസ്ഥാനത്തെ ബി.ജെ.പിയുടെ തുറുപ്പുചീട്ട്. മേയറെന്ന സാധ്യത പോലും തള്ളാതെയുള്ള പ്രചാരണം. ഈ വി.വി.ഐ.പി സ്ഥാനാര്‍ഥിക്ക് സി.പി.എമ്മിന്‍റെ ബദല്‍ ഈ ഇരുപത്തിയാറുകാരിയാണ്.  ആര്‍.അമൃത, തിരുവനന്തപുരം വിമന്‍സ് കോളജിലെ പഴയ എസ്.എഫ്.ഐക്കാരി. ടെക്നോപാര്‍ക്കിലെ ഐ.ടി ഉദ്യോഗസ്ഥ. കോളജില്‍ ജനറല്‍ സെക്രട്ടറിയായുള്ള മല്‍സരവിജയത്തിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ചെറുപ്പം. എതിരാളി മുന്‍ ഡി.ജി.പിയാണല്ലോയെന്ന് ചോദിച്ചാല്‍ ഞാന്‍ ഈ നാടിന്‍റെ മകളെന്ന മറുപടിയോടെ വോട്ടുപിടുത്തം.

മുന്‍ ഡി.ജി.പിക്കും ചെറുപ്പക്കാരിക്കും യു.ഡി.എഫിന്‍റെ ബദല്‍ സരളാ റാണിയെന്ന വീട്ടമ്മ. പഴയ കോണ്‍ഗ്രസ് കൗണ്‍സിലറുടെ സഹോദരിയെന്ന മേല്‍വിലാസവും നാട്ടുകാരിയെന്നതും പോരാട്ടത്തിന്‍റെ ആത്മവിശ്വാസം. നിലവില്‍ ബി.ജെ.പിയുടെ വാര്‍ഡാണ് ശാസ്തമംഗലം. ഒന്നാം സ്ഥാനം നിലനിര്‍ത്തുകയെന്ന വെല്ലുവിളിയാണ് മുന്‍ ഡി.ജി.പിക്കെങ്കില്‍ മൂന്നാം സ്ഥാനത്ത് ഒന്നാമതെത്താന്‍ അമൃതയും രണ്ടില്‍ നിന്ന് ഒന്നിലെത്താനാണ് സരളയുടെയും പോരാട്ടം.

ENGLISH SUMMARY:

Thiruvananthapuram election features a multi-cornered contest in Sasthamangalam ward. The ward sees a battle between a former DGP, a young IT professional, and a homemaker, each representing BJP, LDF, and UDF respectively.