പാലക്കാട് നഗരസഭയില്‍ 53ല്‍ പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ വെല്ലുവിളിയും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എം. ആർഷോയുടെ മറുപടിയും മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ച വോട്ടുകവലയിൽ സംഘര്‍ഷത്തിനു വഴിവച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വോട്ടുകവലയിൽ പിന്നെ കണ്ടത് സി.പി.എം.-ബി.ജെ.പി. സംഘർഷമാണ്.
ബി.ജെ.പി.യെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എം. ആർഷോയും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു. സി.പി.എം. നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം. പ്രവർത്തകർ എഴുന്നേറ്റതോടെ മറുഭാഗവും സംഘടിച്ചെത്തി.
പ്രശാന്തിന്റെ വെല്ലുവിളിക്ക് ബിജെപിയുടെ നിലവാരത്തെക്കുറിച്ച് പരാമര്‍ശിച്ചുള്ള ആര്‍ഷോയുടെ മറുപടി വന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ടു സംസാരിക്കാന്‍ ആരംഭിച്ചു. ഇതോടെ ക്ഷുഭിതനായ ആര്‍ഷോ എടോ പ്രശാന്തേ തന്റെ അവസരത്തില്‍ ഞാന്‍ സംസാരിക്കാന്‍ വന്നിട്ടില്ലെന്നും സംസാരിച്ച് പൂര്‍ത്തീകരിക്കട്ടെയെന്നും തന്റെ ഗുണ്ടായിസം ബിജെപി ഓഫീസില്‍ വച്ചാല്‍ മതിയെന്നും മറുപടി പറഞ്ഞു. എന്നാല്‍ എടോ പോടോ വിളിയൊന്നും ഇവിടെ വേണ്ടെന്നു പറഞ്ഞ് പ്രശാന്ത് ആര്‍ഷോയ്ക്കുനേരെ വന്നു, പിന്നാലെ കണ്ടത് ഉന്തും തള്ളും സംഘര്‍ഷവും.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് ഈ സംഭവം. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ രംഗത്തുവരുന്ന പാലക്കാട് നഗരസഭയില്‍ കടുത്ത തിരഞ്ഞെടുപ്പ് ചൂടാണ് കാണുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ പോലും കെട്ടടങ്ങിയിട്ടില്ലെന്നു വ്യക്തമാക്കുംവിധമായിരുന്നു വോട്ടുകവലയിലെ ജനസാന്നിധ്യവും പിന്നീടുകണ്ട സംഘര്‍ഷവും. ഏറെ നേരം നിലനിന്ന സംഘര്‍ഷ സാഹചര്യം പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.