സിപിഎം-ബിജെപി ഡീലിന് കടകംപള്ളി സുരേന്ദ്രൻ നേതൃത്വം നൽകിയെന്ന ആരോപണത്തിൽ തട്ടി തിരുവനന്തപുരം കോർപ്പറേഷൻ പ്രചാരണം. ചെമ്പഴന്തി ലോക്കൽ കമ്മിറ്റി അംഗം ആനി അശോകന്റെ ആരോപണം തള്ളിയ കടകംപള്ളി സുരേന്ദ്രൻ, തന്നെ ജനങ്ങൾക്ക് നന്നായി അറിയാമെന്ന് മനോരമന്യൂസിനോട് പറഞ്ഞു. ബിഡിജെഎസുമായുള്ള തർക്കം തുടരുന്നതിനിടെ, സീറ്റ് വിഭജനം പൂർത്തിയാക്കാനാകാതെ ബി.ജെ.പിയും വലയുകയാണ്.
ചെമ്പഴന്തിയിൽ വിമത സ്ഥാനാർഥിയായി രംഗത്തെത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആനി അശോകൻ നടത്തിയ ഈ പ്രതികരണമാണ് തലസ്ഥാനത്തെ പ്രചാരണച്ചൂട് കൂട്ടിയിരിക്കുന്നത്. ആരോപണം പ്രതിപക്ഷം ഏറ്റെടുത്തതോടെ, വിഷയത്തിൽ മൌനം തുടർന്ന കടകംപള്ളി സുരേന്ദ്രൻ മനോരമന്യൂസിലൂടെ മറുപടിയുമായി രംഗത്തെത്തി.
ചെമ്പഴന്തിയിൽ മാത്രമല്ല, വാഴോട്ടുകോണം, ഉള്ളൂർ, ആറ്റുകാൽ ഉൾപ്പെടെ ഏഴ് വാർഡുകളിൽ വിമതഭീഷണി നേരിടുകയാണ് എൽ.ഡി.എഫ്. ഇത് പരിഹരിക്കാനുള്ള ശ്രമം നേതൃത്വം തുടങ്ങിയിട്ടുണ്ട്. അതേസമയം, സീറ്റ് വിഭജനം അന്തിമമാക്കാൻ കഴിയാതെ ബി.ജെ.പിയും പ്രതിസന്ധിയിലാണ്. കഴിഞ്ഞതവണ ആറിടത്ത് മത്സരിച്ച ബി.ഡിജെ.എസ് പതിനഞ്ച് വാർഡ് ആവശ്യപ്പെട്ടതാണ് പ്രശ്നം സങ്കീർണമാക്കിയത്. തർക്കം 34 വാർുഡുകളിലെ സ്ഥാനാർഥി പ്രഖ്യാപനത്തെയാണ് ബാധിച്ചിരിക്കുന്നത്.