പി.എം.ശ്രീ പദ്ധതി താല്‍ക്കാലികമായിനിറുത്തിവെച്ചെന്ന് കാണിച്ച് സംസ്ഥാനം ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ചു. കത്തു വൈകുന്നതിലുള്ള അതൃപ്തി സിപിഐ മന്ത്രിമാര്‍ ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചതിന് പിറകെയാണ് വിദ്യാഭ്യാസ സെക്രട്ടറി കത്ത് അയച്ചത്. മന്ത്രിസഭയും മുന്നണിയും അറിയാതെ പി.എം.ശ്രീ കരാറില്‍ ഒപ്പിട്ടതില്‍ സിപിഐ ഉയര്‍ത്തിയ പ്രതിഷേധം മുന്നണിയെയും സര്‍ക്കാരിനെയും ഉലച്ചിരുന്നു.
സിപിഐയുടെ കടും പിടുത്തത്തിന് മുന്നില്‍ വഴങ്ങിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ പി.എം ശ്രീ മരവിപ്പിക്കാം എന്ന് സിപിഎമ്മും മുഖ്യമന്ത്രിയും സമ്മതിച്ചത്. മന്ത്രിസഭ തീരുമാനവും എടുത്തു. അതു കഴിഞ്ഞ് ആഴ്ച രണ്ടു കഴിഞ്ഞിട്ടും കേന്ദ്രത്തെ സംസ്ഥാനം ഇക്കാര്യം രേഖാമൂലം അറിയിച്ചില്ല. സിപിഐയില്‍ അതൃപ്തി വീണ്ടും പുകഞ്ഞു തുടങ്ങിയതോടെയാണ് മന്ത്രിമാര്‍ സ്വരം കടുപ്പിച്ചത്. സിപിഐ മന്ത്രിമാര്‍മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അതൃപ്തി അറിയിച്ചു. തുടര്‍ന്ന് എടുപിടിയെന്ന് നടപടി വന്നു. പദ്ധതി തല്‍ക്കാലം നിറുത്തിവെക്കുകയാണെന്ന് കാണിച്ച് വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
ഇത്രനാള്‍ കത്തയക്കാത്തതെന്തെന്ന ചോദ്യത്തിന് മറുപടിയില്ല. തദ്ദേശ തിരഞ്ഞെടുപ്പ് രംഗത്ത് പി.എം.ശ്രീ ചര്‍ച്ചയാവും , മുന്നണിയിലെ അതൃപ്തി പുറത്തു വരും എന്നിവ കണക്കിലെടുത്താണ് ഇപ്പോള്‍കത്തയച്ചത്. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ പി.എം.ശ്രീ ഒപ്പിട്ടത് സിപിഐ അതിശക്തായി എതിര്‍ത്തതാണ് രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നണിക്ക് ഉള്ളില്‍ നിന്ന് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പി.എം.ശ്രീയില്‍ നിന്ന് കേരളം പിന്‍മാറണമെന്ന് സിപിഐയുടെ കടും പിടുത്തത്തിന് മുന്നില്‍ തല്‍ക്കാലം പദ്ധതി മരവിപ്പിക്കാമെന്നായിരുന്നു സിപിഎമ്മന്‍റെയും മുഖ്യമന്ത്രിയുടെും നിലപാട്. അത് സിപിഐക്ക് അംഗീകരിക്കേണ്ടി വന്നു. വിവാദ പദ്ധതി പരിശോധിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയാകട്ടെ ഇതുവരെ യോഗം ചേര്‍ന്നിട്ടുമില്ല.