തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി എല്‍.ഡി.എഫില്‍ പൊട്ടിത്തെറി.മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബി.ജെ.പി ഡീല്‍ ആരോപണം ഉന്നയിച്ച് ലോക്കല്‍ കമ്മിറ്റിയംഗം ആനി അശോകന്‍ രംഗത്തെത്തി. സീറ്റ് റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വിറ്റെന്ന് ആരോപിച്ച് വാഴോട്ടുകോണത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിമതനായി മല്‍സരിക്കും. പാങ്ങോട് വാര്‍ഡില്‍ സി.പി.ഐ നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് ആര്‍.എസ്.എസ് ബന്ധമെന്നും ആരോപണം. ഒരേ വാര്‍ഡില്‍ ആര്‍.ജെ.ഡിയും ജെ.ഡി.എസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ ഘടകകക്ഷികളിലും തര്‍ക്കം രൂക്ഷമായി.
തലസ്ഥാനത്ത് തുടര്‍ഭരണം ലക്ഷ്യമിടുന്ന സി.പി.എമ്മില്‍ പതിവില്ലാത്തവിധം പൊട്ടിത്തെറിയാണ്. കടകംപള്ളി സുരേന്ദ്രന്‍ ബി.ജെ.പിയുമായി ഡീല്‍ ഉറപ്പിച്ചെന്ന ഗുരുതര ആരോപണം ലോക്കല്‍ കമ്മിറ്റിയംഗം തന്നെ ഉന്നയിച്ചു. സീറ്റ് കിട്ടാതിരുന്ന കഴക്കൂട്ടം ബ്ളോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുകൂടിയായ ആനി അശോകന്‍ ചെമ്പഴന്തി വാര്‍ഡില്‍ വിമതയായി മല്‍സരിച്ചേക്കും.
സി.പി.എം തുടര്‍ച്ചയായി ജയിക്കുന്ന വാഴോട്ടുകോണത്ത് ബ്രാഞ്ച് സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.വി.മോഹനന്‍ വിമതനായി. നിലവിലെ സ്ഥാനാര്‍ഥിക്ക് ക്രിമിനല്‍ പഞ്ചാത്തലമെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ഇത് സി.പി.എമ്മിലെ പ്രശ്നമെങ്കില്‍ പാങ്ങോട് വാര്‍ഡിലെ സി.പി.ഐ സ്ഥാനാര്‍ഥി എ.അഭിജിത്തിനെതിരെ ആര്‍.എസ്.എസ് ബന്ധമാരോപിച്ച് സി.പി.എം എതിര്‍പ്പുയര്‍ത്തി. കഴിഞ്ഞ വിജയദശമി ദിനത്തില്‍ കൂടി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത ഫോട്ടോയും പുറത്തുവിട്ടു.
വെങ്ങാനൂര്‍ സീറ്റിനായി രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചും പരസ്പരം രാത്രിയുടെ മറവില്‍ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തും ആര്‍.ജെ.ഡിയും ജെ.ഡി.എസും ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ മുന്നണിയാകെ പ്രശ്നമായി. ഈ തര്‍ക്കം കാരണം 8 ഇടത്ത് ഇനിയും സ്ഥാനാര്‍ഥിയായിട്ടില്ല. സി.പി.എമ്മിന് പുറമെ ബി.ഡി.ജെ.സുമായുള്ള തര്‍ക്കം കാരണം ബി.ജെ.പിക്ക് 34 വാര്‍ഡിലും ലീഗുമായുള്ള തര്‍ക്കംമൂലം അഞ്ചിടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയവും നീണ്ടുപോവുകയാണ്.