തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ.എസ്.ശബരിനാഥനെതിരെ വി.വി.രാജേഷിനെ മല്‍സരിപ്പിക്കണമെന്ന് ബി.ജെ.പിയില്‍ ആവശ്യം. അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു. അതിനിടെ ശബരിക്കെതിരെ ലോക്കല്‍ സെക്രട്ടറിയെ ഇറക്കിയാല്‍ മതിയെന്ന് സി.പി.എം തീരുമാനിച്ചു. മുന്‍ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ എസ്.പി ദീപക്കും മൂന്ന് ഏരിയാ സെക്രട്ടറിമാരും അടങ്ങുന്ന സി.പി.എം പട്ടിക നാളെ പ്രഖ്യാപിക്കും.
എം.എല്‍.എയായിരുന്ന ശബരിനാഥനെ വാര്‍ഡിലിറക്കിയ കോണ്‍ഗ്രസ് അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. 10 സീറ്റ് മാത്രമുള്ളയിടത്ത് നിന്ന് പ്രതാപകാലത്തേക്കുള്ള മടങ്ങിവരവാണ് ശബരിയിലൂടെ കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്. കോണ്ഗ്രസ് മുന്നേറിയാല്‍ ഇടിയുന്നത് ബി.ജെ.പി സീറ്റാരിക്കുമെന്ന വിലയിരുത്തലുള്ളപ്പോളാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിന് വി.വി.രാജേഷിനെ ഇറക്കണമെന്ന ആവശ്യം ബി.ജെ.പിയിലുയരുന്നത്. കവടിയാര്‍ വാര്‍ഡ് കമ്മിറ്റി ജില്ലാ നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ ഒന്നാം പേര് രാജേഷിന്‍റേതാണ്. എന്നാല്‍ ഇത്തവണ മല്‍സരിക്കുന്നില്ലന്നും ഉണ്ടങ്കില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ ഏതെങ്കിലും വാര്‍ഡിലുമെന്നാണ് രാജേഷ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
അന്തിമതീരുമാനം രാജീവ് ചന്ദ്രശേഖറിന് വിട്ടിരിക്കുകയാണ്. ഇന്നോ നാളെയോ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചേക്കും. അതിനിടെ ശബരിക്കെതിരെ വന്‍ നേതാവിനെ നിര്‍ത്തി കോണ്‍ഗ്രസിന് അനാവശ്യ പ്രാധാന്യം നല്‍കേണ്ടെന്നും പ്രാദേശിക നേതാവാണ് നല്ലതെന്നുമാണ് സി.പി.എം തീരുമാനം. മുന്‍ കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സുനില്‍കുമാറാവും കവടിയാറിലെ സ്ഥാനാര്‍ഥി. മേയറായി ആരെയും ഉയര്‍ത്തിക്കാട്ടുന്നില്ലങ്കിലും മൂന്ന് ഏരിയാ സെക്രട്ടറിമാരടക്കം നാല് നേതാക്കളെ സി.പി എം മല്‍സരിപ്പിക്കും. പേട്ടയില്‍ മല്‍സരിക്കുന്ന ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ എസ്.പി.ദീപക്കാണ് വി.ഐ.പികളില്‍ ആദ്യം. ഇതുകൂടാതെ വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറിയും മുന്‍ മേയറുമായ കെ.ശ്രീകുമാര്‍ ചാക്കയിലും പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു വഞ്ചിയൂരും വിളപ്പില്‍ ഏരിയാ സെക്രട്ടറി ആര്‍.പി.ശിവജി പുന്നക്കാമുഗളും സ്ഥാനാര്‍ഥിയാവും. സി.പി.എം മല്‍സരിക്കുന്ന 75 വാര്‍ഡിലെയും പട്ടിക നാളെ പ്രഖ്യാപിക്കും.