TOPICS COVERED

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ വെല്‍ഫെയര്‍ പാര്‍‍ട്ടിയുമായി പരസ്യധാരണ വേണ്ടെന്ന് യുഡിഎഫ് തീരുമാനം. ആറു മാസം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ചങ്ങാത്തം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നീക്കം. യുഡിഎഫിന് പുറത്തുള്ള ആരുമായും സഹകരണമില്ലെന്ന് ഡിസിസി പ്രഡി‍ഡന്‍റെ കെ. പ്രവീണ്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മുന്‍പും ധാരണ ഉണ്ടായിരുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. 

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ ജില്ലാപഞ്ചായത്തില്‍ അടക്കം 33 സീറ്റുകളിലും മലപ്പുറത്ത് 35 സീറ്റുകളിലും യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ട് പൂര്‍ണമായി ഉപേക്ഷിക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം ലീഗും അംഗീകരിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയിരുന്ന സീറ്റും കോണ്‍ഗ്രസ് തിരിച്ചെടുത്തു. കഴിഞ്ഞ തവണ ഒരുമിച്ച് മല്‍സരിച്ച മുക്കം നഗരസഭയിലും ഇനി കൈകോര്‍ക്കില്ല. 

ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ. എന്നാല്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി  മനോരമ ന്യൂസിനോട് തുറന്നുപറഞ്ഞിരുന്നു.  പ്രാദേശിക സാഹചര്യം നോക്കി അനിവാര്യമെങ്കില്‍ മാത്രം ചില നീക്കുപോക്കുകള്‍ ആകാമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്‍റെ മറവില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള രഹസ്യധാരണക്കുള്ള സാധ്യതകളാണ് തെളിയുന്നത്. 

ENGLISH SUMMARY:

UDF decision halts Welfare Party alliance for local elections. This move comes amid concerns that such an alliance could negatively impact the upcoming assembly elections, with UDF leaders emphasizing no cooperation with parties outside their coalition.