തട്ടികൊണ്ടുപോകലും കൂറുമാറ്റവും അവസാന ഘട്ടത്തിൽ ഭരണമാറ്റവും കണ്ട കൂത്താട്ടുകുളം നഗരസഭയിൽ ഇത്തവണ മത്സരം കടുക്കും. വൻ മാർജിനിൽ ഭരണം പിടിക്കുമെന്ന വെല്ലുവിളിയാണ് ഇരുമുന്നണികളും ഉയർത്തുന്നത്. സിപിഎം പാനലിൽ മത്സരിച്ച് ജയിച്ച്, പിന്നെ യുഡിഎഫ് പിന്തുണയിൽ മുന്‍സിപ്പൽ ചെയർപഴ്സൺ ആയ കലരാജു ഇത്തവണ മത്സരിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കാർഷിക നാടിന്‍റെ വോട്ടു മനസും ചിലതൊക്കെ ചിന്തിക്കുന്നുണ്ട്.
പാർട്ടിയുമായുള്ള വിയോജിപ്പും, തർക്കങ്ങളും അതിരുവിട്ടതോ തോടെയാണ് കലാരാജുവിനെ തട്ടികൊണ്ടുപോകലിൽ എത്തിയത്. പിന്നെ സമരം, പ്രതിഷേധം. എല്ലാം കഴിഞ്ഞപ്പോൾ സിപിഎംകാരി കലാരാജു, യു.ഡി.എഫിനെ പിന്തുണച്ചു, അവിശ്വാസത്തിലൂടെ സിപിഎമ്മിന് ഭരണനഷ്ടം. കലാരാജു യു.ഡി.എഫ് പിന്തുണയിൽ നഗരസഭ ചെയർപേഴ്സൺ. അങ്ങനെയുള്ളവ ഉണ്ടെങ്കിലും ഇത്തവണ വിജയിക്കുമെന്നു ഇരുകൂട്ടർക്കും ഉറപ്പ്.
മത്സരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മത്സരിക്കുന്ന കാര്യം തീരുമാനിച്ചില്ലെന്ന് കല. സീറ്റ് കൊടുക്കണമോ എന്നത് പിന്നെ പറയാം എന്ന് കോൺഗ്രസും. കലാരാജു കളം മാറിയപ്പോൾ യു.ഡി.എഫ് 13, എല്‍.ഡി.എഫ് 12 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഇത്തവണ നഗരസഭയിൽ ഒരു വാർഡ് കൂടി കൂട്ടിയപ്പോൾ എണ്ണം 26 ആയി.