കോണ്‍ഗ്രസ് പ്രഖ്യാപനത്തിനു പിന്നാലെ കൊല്ലം കോര്‍പറേഷനിലെ സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ വേഗത്തിലാക്കി സിപിഎം. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 13 സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
പതിവുരീതിയില്‍ നിന്നു വ്യത്യസ്തമായിട്ടുള്ള കോണ്‍ഗ്രസ് നീക്കം സിപിഎമ്മും പ്രതീക്ഷിച്ചതല്ല. എല്ലാ വര്‍ഷത്തേതു പോലുള്ള ഗ്രൂപ്പുകളിയും സ്വന്തക്കാരെ സ്ഥാനാര്‍ഥിയാക്കാനുള്ള നേതാക്കന്‍മാരുടെ പോര്‍വിളിയും ഇത്തവണ ഉണ്ടായില്ല. കെ.സി.വേണുഗോപാലിനേയും , വി.ഡി സതീശനുമുള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ ഉറപ്പിു വരുത്താന്‍ എന്‍.കെ.പ്രേമചന്ദ്രനും, ഷിബു ബേബിജോണും മുന്നില്‍ നിന്നു. ഇതോടെയാണ് വേഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ തുണയായത്. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിക്കാനാണ് ധാരണ.
എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. ചര്‍ച്ച പൂര്‍ത്തിയായല്‍ വേഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുമെന്നു ജില്ലാ സെക്രട്ടറി എസ്.ജയമോഹന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജില്ലയില്‍ നിലനില്‍ക്കുന്ന സിപിഎം–സിപിഐ അസ്വാരസ്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. സെക്രട്ടറിയേറ്റംഗങ്ങളെയും സംസ്ഥാന നേതാക്കളേയും മല്‍സരിപ്പിക്കാനാണ് സിപിഎം നീക്കം.