വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലേക്കാണ് രാജ്യത്തിന്‍റെ യാത്രയെന്നു ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. വിദ്യയാണ് ഏറ്റവും വലിയ സമ്പത്തെന്ന തിരുവള്ളുവരുടെ വരികൾ ഉദ്ധരിച്ച് ഉപരാഷ്ട്രപതി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ വജ്രജൂബിലി ആഘോഷങ്ങളിലായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം.
ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കേരള സന്ദർശനമായിരുന്നു ഇന്നലത്തെത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ടപതി സി.പി.രാധാകൃഷ്ണൻ ഹെലികോപ്റ്റർ മാർഗം കൊല്ലത്തേയ്ക്കെത്തി. ഫാത്തിമ മാതാ നാഷണൽ കോളേജിലെ വജ്ര ജൂബിലി ആഷോഷങ്ങളിൽ മുഖ്യാതിഥിയായ അദ്ദേഹം തിരുവള്ളുവരുടെ വരികളിലൂടെയായിരുന്നു വിദ്യാർത്ഥികൾക്ക് സന്ദേശം നൽകിയത്.
വികസിത ഭാരതതത്തിലേക്കുള്ള ചുവടു വെയ്പ്പാണ് വിദ്യാഭ്യാസരംഗത്തെ മികവെന്നും 2047 ൽ ഭാരതം വികസിത രാജ്യം ആകുമെന്നും ഉപരാഷ്ട്രപതി. ചടങ്ങിൽ ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി അദ്ധ്യക്ഷനായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ. എൻ. ബാലഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാജ് ഭവനിൽ തങ്ങുന്ന അദ്ദേഹം ഇന്നു ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലും സന്ദർശനം നടത്തും.