മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാനും, പ്രതാപം തിരിച്ചു പിടിക്കാനും രണ്ടും കൽപിച്ച് തിരുവനന്തപുരം കോർപറേഷനിൽ മത്സരത്തിനിറങ്ങുകയാണ് കോൺഗ്രസ്. ഇക്കുറി കെ പി സി സി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥനാണ് പാർട്ടിയെ നയിക്കുകയെന്നത് വലിയ പ്രത്യേകത തന്നെയാണ്. സിറ്റിങ് സീറ്റായ കവടിയാറിൽ നിന്നാണ് ശബരി സ്ഥാനാർഥിയാകുന്നത്.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയനാണ് വഴുതക്കാട് വാര്‍ഡില്‍ മത്സരിക്കുന്നത്. ലൈംഗികാരോപണത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മാങ്കൂട്ടത്തിലിന് എതിരെ നീതു പോസ്റ്റിട്ടത് അന്ന് സൈബറിടത്തും കോണ്‍ഗ്രസിനുള്ളിലും വലിയ ചര്‍ച്ചയായിരുന്നു.
ലൈംഗിക ആരോപണങ്ങൾ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവർത്തകയാണ് താനെന്നാണ് അന്ന് നീതു ഫെയ്സ്ബുക്കില്‍ കുറിച്ചത്. വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാർട്ടിയുടെ തീരുമാനങ്ങൾക്ക് വില കല്പിക്കണം. രമേശ് പിഷാരടിയെപ്പോലെ ഉള്ളവർ കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഷയം ചൂണ്ടിക്കാട്ടി നീതു ആഞ്ഞടിച്ചിരുന്നു.
നീതുവിന്‍റെ അന്നത്തെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍
സഹപ്രവർത്തക സ്നേഹയ്ക്കും ഉമാ തോമസ് എംഎല്‍എയ്ക്കും കെ സി വേണുഗോപാൽ എംപിയുടെ പത്നിയ്ക്കും നേരെ പോലും ഉണ്ടായ സൈബർ അറ്റാക്കുകൾ കണ്ട് ഭയന്നു തന്നെയാണ് ഇത്രയും നാൾ വനിതകൾ മൗനിയായത്. ഇനിയും നിശബ്ദത പാലിച്ചാൽ പല കഴുകന്മാരുടെയും കണ്ണുകൾ പുതിയ നിരയിലെ പെൺകൊടികൾക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. സ്ത്രീപക്ഷത്ത് തന്നെയാണ് എന്റെ കോൺഗ്രസ്സും നേതാക്കളും.
വീണ കുന്നപ്പള്ളി എന്ന ഒരു വനിത എഴുതിയത് ശ്രദ്ധയിൽപെട്ടു. എനിയ്ക്ക് രാഹുലിനെ 9 ലക്ഷം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മാത്രമേ അറിയുകയുള്ളൂ. അത് കൊണ്ട് ഈ അംഗങ്ങൾക്ക് വേണ്ടി അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എങ്കിൽ നിഷേധിക്കണം എന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നവർക്കു മാത്രമേ ഈ പ്രശ്നവുമായുണ്ടായ ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുള്ളു. വ്യക്തിതാല്പര്യങ്ങൾക്ക് മുകളിൽ പാർട്ടിയുടെ തീരുമാനങ്ങൾക്കാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. പാർട്ടിയ്ക്ക് ഈ കാര്യങ്ങളിൽ വ്യക്തമായ ബോധ്യമുണ്ടെന്നു എനിക്കുറപ്പുണ്ട്. നിങ്ങൾക്കങ്ങനെയല്ലായിരിക്കാം.
കമന്റ് ബോക്സ് കാണുമ്പോൾ പിന്നെ മനസ്സിലാകുന്നത്, ഇവരൊക്കെ തന്നെയാണ് ഉമ്മൻ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും, സുധാകരനെയും ഇപ്പോൾ വി ഡി സതീശനെയും പല ഘട്ടങ്ങളിലായി തെറി വിളിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ഉദ്ദേശം എങ്ങനെയെങ്കിലും ആരെങ്കിലും രാഹുലിനെതിരെ ഒന്ന് പോലീസിൽ പരാതി നൽകിയാൽ നന്നായിരുന്നു എന്ന തരത്തിൽ പ്രകോപനം സൃഷ്ടിക്കലാണ്. ഇതൊക്കെ വായിക്കുന്നവർക്ക് മനസിലാകും എന്ന് നിങ്ങൾ മറക്കരുത്. എന്തായാലും ഈ സൈബർ അറ്റാക്ക് കണ്ട് ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച കോൺഗ്രസ്സിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജില്ലാ പ്രാദേശിക നേതാക്കൾക്ക് എല്ലാം നന്ദി അറിയിക്കുന്നു. ഇനിയും പ്രതികരിക്കേണ്ട വിഷയങ്ങളിൽ പ്രതികരിക്കുക തന്നെ ചെയ്യും. എ സി റൂമിൽ ഇരുന്ന് തെറി വിളിക്കാനുള്ളവർ ആ പണി തുടർന്ന് തന്നെപോകണം. നിങ്ങളുടെ ജീവിത മാർഗ്ഗം അല്ലെ അത്. അത് കളയണ്ട.